തിരുവനന്തപുരം : സ്വാതന്ത്യ സമരസേനാനിയും തിരുക്കാെച്ചി മുഖ്യമന്ത്രിയും ആയിരുന്ന സി കേശവന്റെ അമ്പത്തി ഏഴാം ചരമവാർഷിക ദിനത്തിൽ തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനിലുള്ള പ്രതിമയിൽ പുഷ്പാർച്ചന നടത്തി തൊഴിൽ, വനിതാ-ശിശു വികസന, മൃഗസംരക്ഷണ, ക്ഷീരവികസനവകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. 1891മെയ് 23ന് കൊല്ലം ജില്ലയിലെ മയ്യനാട് ജനിച്ച സി കേശവൻ 1969 ജൂലൈ ഏഴിന് 78ആം വയസിലാണ് അന്തരിച്ചത്. എസ്എൻഡിപിയുടെ ജനറൽ സെക്രട്ടറിയായിരുന്ന അദ്ദേഹം സമൂഹത്തിലെ അയിത്തം തുടച്ചുമാറ്റാനായി പ്രയത്നിച്ച വ്യക്തിയായിരുന്നുവെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. തിരുവിതാംകൂറിലെ നിവർത്തന പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു സി കേശവൻ. ആരാധനാ സ്വാതന്ത്യം, വോട്ടവകാശം, സർക്കാർ ജോലി തുടങ്ങിയ പൗരാവകാശങ്ങൾക്ക് വേണ്ടി സർ സിപിക്ക് എതിരെ ശബ്ദമുയർത്തിയ വ്യക്തിയായിരുന്നു സി കേശവനെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. 1938ൽ ടി.എം വർഗീസ്, പട്ടം താണുപിള്ള എന്നിവർക്കൊപ്പം ചേർന്ന് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപീകരിച്ച സി കേശവൻ നിരവധി തവണ ജയിൽ വാസം അനുവഭിച്ചിട്ടുണ്ട്.






