തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ സീനിയർ നേഴ്സിംഗ് ഓഫീസർ വി ബിജുകുമാറിനെ കേരള എൻജിഒ യൂണിയനും മെഡിക്കൽ കോളേജ് ജീവനക്കാരും അനുസ്മരിച്ചു. എൻ ജി ഒ യൂണിയൻ പ്രവർത്തകനായിരുന്ന ബിജുകുമാർ കഴിഞ്ഞ പത്തു വർഷത്തിലധികമായി അത്യാഹിത വിഭാഗത്തിലാണ് പ്രവർത്തിച്ചുവരുന്നത്. അത്യാഹിത വിഭാഗം അത്യന്താധുനിക രീതിയിൽ നവീകരിക്കുന്ന ഘട്ടത്തിൽ ബിജുകുമാറിൻ്റെ അഭിപ്രായങ്ങളും നിർദേശങ്ങളും ഏറെ പ്രയോജനകരമായിരുന്നു. അപകടത്തിൽപ്പെട്ടും മറ്റും ഗുരുതരാവസ്ഥയിലെത്തുന്ന രോഗികൾക്ക് സത്വര ചികിത്സ നൽകുന്നതിന് വിശ്രമമില്ലാതെ പ്രവർത്തിച്ച ജീവനക്കാരനായിരുന്നു ബിജുകുമാറെന്ന് സഹപ്രവർത്തകർ അനുസ്മരിച്ചു. നല്ല പ്രകൃതി സ്നേഹികൂടിയായിരുന്നു ബിജുകുമാർ. ആശുപത്രി ജീവനക്കാർക്കും ആശുപത്രിയിലെത്തുന്ന രോഗികൾക്കും എപ്പോഴും സഹായിയായിരുന്നു. ജീവനക്കാർക്കു മാത്രമല്ല ആശുപത്രിയിൽ ഒരു തവണയെങ്കിലുമെത്തി പരിചയപ്പെടുന്ന രോഗികൾക്കു പോലും അദ്ദേഹത്തെ മറക്കാൻ കഴിയില്ലെന്നും അനുസ്മരണ യോഗത്തിൽ സംസാരിച്ച യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ സാജൻ പറഞ്ഞു. ആശുപത്രിയിൽ കേരളാ എൻജിഒ യൂണിയൻ്റെ നേതൃത്വത്തിൽ നടന്ന അനുസ്മരണയോഗത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ ലിനറ്റ് ജെ മോറിസ്, ആർ എം ഒ ഡോ മോഹൻ റോയ്, എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി സാജൻ, സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ പി സുനിൽകുമാർ, ജില്ലാ സെക്രട്ടറി കെ എ ബിജുരാജ്, പ്രസിഡൻ്റ് കെ എം സക്കീർ, ഏരിയാ സെക്രട്ടറിമാരായ വികാസ് ബഷീർ, പി ഡൊമിനിക് സ്റ്റാഫ് വെൽഫയർ കൺവീനർ രാജീവ് എന്നിവർ സംസാരിച്ചു. റഷീദ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.