കഴക്കൂട്ടം : റെയിൽവേ വൈദ്യുത ലൈനിലെ അറ്റകുറ്റപ്പണിക്കിടെ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഛത്തീസ്ഗഢ് തൊഴിലാളികളിൽ ഒരാൾ ഇന്നലെ മരിച്ചു ഛത്തീസ്ഗഢ് ബോച്ചാപാറ നഗർ തുളസിറാം നാഗ് (25) ആണ് മരിച്ചത്. കഴക്കൂട്ടം മേനംകുളത്തെ റെയിൽവേ ട്രാക്കിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഈ ഭാഗത്ത് റെയിൽവേ ട്രാക്കിൽ പുതുതായി ഇലക്ട്രിക് പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുന്ന ജോലിക്കിടെയായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ സുഹൃത്ത് പീലാറാവു (25) ഇപ്പോഴും ചികിത്സയിലാണ്. സ്ഥാപിക്കാൻ പാേസ്റ്റ് ഉയർത്തവേ മുകളിലെ 25000 വാേൾട്ട് ലൈനിൽ തട്ടുകയായിരുന്നു. ഇതേ തുടർന്ന് ഇരുവരും പൊള്ളലേറ്റ് കരിഞ്ഞ് തെറിച്ച് വീണു. പുതിയ ഉരുക്കു പോസ്റ്റുകൾ ഫീഡർലൈനിൽ തട്ടിയായിരുന്നു അപകടം. റെയിൽവേ സ്പെഷ്യൽ ഇന്റലിജൻസ് വിഭാഗം പരിശോധന നടത്തി. ദക്ഷിണ റെയിൽവേ അന്വേഷണമാരംഭിച്ചു.