തിരുവനന്തപുരം: യുവ ഡോക്ടര്‍ ഷഹനയുടെ മരണത്തിൽ സുഹൃത്തായ ഡോ റുവൈസിനെതിരെ പൊലീസ് കേസെടുത്തു. മെഡിക്കൽ പിജി അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് കൂടിയായിരുന്നു ഡോ റുവൈസ്. ഷഹനയുമായി ഇയാളുടെ വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാൽ ഉയര്‍ന്ന സ്ത്രീധനം റുവൈസിന്റെ വീട്ടുകാര്‍ ചോദിച്ചതോടെ വിവാഹം മുടങ്ങിയെന്നാണ് ഷഹനയുടെ ബന്ധുക്കൾ ആരോപിച്ചത്. ഡോ റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാൾക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും പൊലീസ് പറഞ്ഞു.
സംഭവം വിവാദമായതിന് പിന്നാലെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് റുവൈസിനെ മെഡിക്കൽ പിജി അസോസിയേഷൻ നീക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം പിജി വിദ്യാർത്ഥിയാണ് ഇയാൾ. തങ്ങൾ ഡോ ഷഹനയ്ക്ക് ഒപ്പമാണെന്ന് അസോസിയേഷൻ ഭാരവാഹികൾ വാര്‍ത്താക്കുറിപ്പിറക്കി. ആരോപണത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മെഡിക്കൽ എജുക്കേഷൻ ഡയറക്ടര്‍, ജില്ലാ കളക്ടര്‍, കമ്മീഷണര്‍ എന്നിവരോട് റിപ്പോര്‍ട്ട് തേടി. ഈ മാസം 14 ന് നേരിട്ട് ഹാജരായി റിപ്പോർട്ട് നൽകാനാണ് മൂവരോടും നിര്‍ദ്ദേശിച്ചിരിക്കുന്നത്