തിരുവനന്തപുരം : അരുവിക്കരയിലെ ജലശുദ്ധീകരണശാല പൂര്‍ണമായും പ്രവർത്തനം നിർത്തിവയ്ക്കുന്നു. തലസ്ഥാനത്ത് വിവിധ മേഖലകളിൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങും. മൂന്ന് നിർമ്മാണ പ്രവർത്തനങ്ങളേത്തുടർന്നാണ് 26.03.2025 തീയതി രാവിലെ 8 മണി മുതല്‍ 28.03.2025 തീയതി രാവിലെ 8 മണി വരെ കുടിവെള്ള വിതരണം നിർത്തിവയ്ക്കുന്നത്.
ജല അതോറിറ്റിയുടെ അരുവിക്കരയില്‍ നിന്നും ഐരാണി മുട്ടത്തേക്കു പോകുന്ന, ട്രാന്‍സ്മിഷന്‍ മെയിനിലെ പി.ടി.പി വെന്‍ഡിങ് പോയിന്റിനു സമീപമുള്ള കേടായ ബട്ടർഫ്ളൈ വാൽവ് മാറ്റി സ്ളൂയിസ് വാൽവ് ഘടിപ്പിക്കുന്നതും പി.ടി.പി നഗറില്‍ നിന്നും നേമം വട്ടിയൂര്‍ക്കാവ് സോണിലേക്കുള്ള ജലലഭ്യത സുഗമമാക്കുന്നതിന്റെ ഭാഗമായി ഫ്ലോമീറ്ററും വാല്‍വും സ്ഥാപിക്കുന്നതിനുള്ള ജോലികളും, തിരുവനന്തപുരം – നാഗര്‍കോവില്‍ റെയില്‍വേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് കരമന ശാസ്ത്രി നഗര്‍ അണ്ടർപാസിന് അടുത്തുള്ള ട്രാന്‍സ്മിഷന്‍ മെയിനിന്‍റെ അലൈൻമെന്റ് മാറ്റിയിടുന്ന ജോലികളുമാണ് നടക്കുന്നത്. ഇതിനാൽ അരുവിക്കരയിലെ 74 എംഎൽഡി ജലശുദ്ധീകരണശാല പൂര്‍ണമായും പ്രവര്‍ത്തനം നിർത്തിവയ്ക്കേണ്ടിവരുമെന്നാണ് അറിയിപ്പ്