തിരുവനന്തപുരം: കളിയിക്കാവിളയിലെ ക്വാറി ഉടമയുടെ കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും അമ്പിളി എന്ന സജികുമാർ തന്നെയെന്ന് ഉറപ്പിച്ച് പൊലീസ്. കേസിലെ മറ്റു പ്രതികൾ കൊലപാതകത്തെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. പണത്തിനു വേണ്ടിയുള്ള കൊലപാതകമെന്നാണ് കണ്ടെത്തൽ.
ചുഴാറ്റുകോട്ട അമ്പിളി എന്ന സജികുമാർ തന്നെയാണ് എല്ലാത്തിനും പിന്നിലെന്ന് പൊലീസിന്റെ കണ്ടെത്തൽ. രണ്ടാം പ്രതിയായ സുനിൽകുമാർ ക്ലോറോഫോമും സർജിക്കൽ ബ്ലേഡും അമ്പിളിക്ക് എത്തിച്ചു നൽകി. എന്നാൽ കൊലപാതകത്തിനാണ് എന്ന് അറിഞ്ഞിരുന്നില്ല എന്നാണ് സുനിൽകുമാറിന്റെ മൊഴി. ഈ മൊഴി പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടുണ്ട്. അമ്പിളിയെ അറസ്റ്റ് ചെയ്തപ്പോഴാണ് താൻ ഒളിവിൽ പോയതെന്നും സുനിൽകുമാർ മൊഴി നൽകി.
മൂന്നാം പ്രതിയായ പ്രദീപ് ചന്ദ്രൻ കേസിൽ നേരിട്ട് ഇടപെട്ടിട്ടില്ല. അമ്പിളിയും സുനിൽകുമാറും സംസാരിക്കുമ്പോൾ ഒപ്പമുണ്ടായിരുന്നു എന്നതിനാണ് ഗൂഢാലോചന വകുപ്പ് പ്രകാരമുള്ള കേസ്. കൊല്ലപ്പെട്ട ക്വാറി ഉടമ ദീപുവിൻ്റെ പണം തട്ടിയെടുക്കാൻ ആയിരുന്നു കൊലപാതകം. വലിയ ആസൂത്രണത്തിനുശേഷമാണ് അമ്പിളി കൊലപാതകം നടത്തിയത്. പിടിക്കപ്പെട്ടാൽ പറയാനുള്ള കള്ളങ്ങളും നേരത്തെ തയ്യാറാക്കി വച്ചു. അന്വേഷണത്തിൽ പൊലീസിനെ കുഴച്ചതും മുൻകൂട്ടി തയ്യാറാക്കിയ അമ്പിളിയുടെ ഈ തിരക്കഥയാണ്.ഇൻഷുറൻസ് ബന്ധവും, മറ്റൊരാൾ നൽകിയ ക്വട്ടേഷനും എല്ലാം അമ്പിളി നേരത്തെ തയ്യാറാക്കിയ തിരക്കഥ. വിശദമായ അന്വേഷണത്തിലാണ് ഇതെല്ലാം നുണയെന്ന് തെളിഞ്ഞത്. കേരള- തമിഴ്നാട് അതിർത്തിയായ കളിയിക്കാവിള ഒറ്റാമരത്ത് വച്ചാണ് ദീപുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.