പോത്തൻകോട്: വെള്ളാണിക്കൽ പാറയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ആര്യനാട് സ്വദേശികളായ ഷിബിൻ (35), അർച്ചന (32) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് പാറമുകളിൽ അമ്പലത്തിന് താഴെയുള്ള പുരയിടത്തിൽ മൃതദേഹങ്ങൾ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.ഇരുവരെയും ആര്യനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന്കാണാതായതായി നേരത്തെ പരാതിയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആര്യനാട് പൊലീസ് മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടെയാണ് ഇന്ന് രാവിലെ പോത്തൻകോട് പോലീസ് പരിധിയിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് പോത്തൻകോട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. മരണത്തിൽ മറ്റ് ദുരൂഹതകളുണ്ടോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.






