തിരുവനന്തപുരം: തിരുവനന്തപുരത്ത് സമരത്തിനെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റിൻ്റെ ആഭരണങ്ങൾ മോഷണംപോയതായി പരാതി. കായംകുളം സ്വദേശിയായ അരിതാ ബാബുവിന്റെ മാലയും കമ്മലുമാണ് കഴിഞ്ഞദിവസം തിരുവനന്തപുരത്ത് സമരത്തിനെത്തിയപ്പോൾ മോഷണംപോയത്. സംഭവത്തിൽ അരിതാ ബാബു കന്റോൺമെന്റ് പൊലീസിൽ പരാതി നൽകി. ഒന്നേകാൽ പവന്റെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
ചൊവ്വാഴ്ച യുഡിഎഫ് യുവജനസംഘടനകളുടെ നിയമസഭാ മാർച്ചിനാണ് അരിതാ ബാബു തിരുവനന്തപുരത്തെത്തിയത്. മാർച്ച് നടക്കുമ്പോൾ ജലപീരങ്കി പ്രയോഗത്തിൽ അരിതയ്ക്ക് പരിക്കേറ്റു. തളർന്നുവീണ അരിതയെ കൂടെയുണ്ടായിരുന്ന പ്രവർത്തകർ ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചു. തലയ്ക്ക് പരിക്കേറ്റതിനാൽ സി ടി സ്‌കാൻ എടുക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. സ്‌കാനിങ്ങിനു പോകവേ മാലയും കമ്മലുമുൾപ്പെടെ ആഭരണങ്ങൾ മാറ്റണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് ഒപ്പം ഉണ്ടായിരുന്ന ‘ പ്രവർത്തക ഇത് ഊരിമാറ്റി അവരുടെ ബാഗിൽ സൂക്ഷിച്ചു. ബാഗ് കുറച്ചുനേരം സ്‌കാനിങ് മുറിയുടെ പുറത്തുവച്ചശേഷമാണ് പ്രവർത്തകർ പുറത്തേക്കുപോയത്. പിന്നീട് ആശുപത്രിയിൽനിന്ന് ഇറങ്ങിയശേഷം മാലയും കമ്മലും തിരഞ്ഞപ്പോൾ വാച്ച് മാത്രമാണ് ബാഗിലുണ്ടായിരുന്നത്.