തിരുവനന്തപുരം :പാവപ്പെട്ടവർക്ക് വീടുവെക്കാനായി ശേഖരിച്ച ആറ്റുകാല്‍ പൊങ്കാലയിലെ ഇഷ്ടികകൾ മോഷ്ടിച്ച ജീവനക്കാരനെ സംരക്ഷിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍. 5000 ത്തോളം കട്ടകള്‍ മോഷ്ടിച്ചു എന്നറിഞ്ഞിട്ടും ജീവനക്കാരനെതിരെ നടപടി സ്വീകരിക്കാതെ മൗനം പാലിക്കുകയാണ് തിരുവനന്തപുരം നഗരസഭ ‘ കൗണ്‍സിലര്‍മാരും ചില ഉദ്യോഗസ്ഥരും ചേർന്ന് മോഷണം ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നുവെന്ന് ആരോപണമാണ് ഉയരുന്നത്. പൊങ്കാലയ്ക്ക് ശേഷം കോര്‍പ്പറേഷന്‍, തൊഴിലാളികളെ ഉപയോഗിച്ച് ഓടി നടന്ന് കട്ടകളെല്ലാം പെറുക്കി. അങ്ങനെ ശേഖരിച്ചതില്‍ രണ്ട് ലോറി നിറയെ കട്ടകളാണ് ആരോഗ്യവിഭാഗത്തിലെ ഒരു ജീവനക്കാരന്‍ മോഷ്ടിച്ചത്. കട്ടകളെല്ലാം ശേഖരിച്ച് പുത്തരിക്കണ്ടം മൈതാനത്തെത്തിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ ഇത് അട്ടിമറിച്ച് രണ്ട് ലോഡ് കട്ടകള്‍ ഫോര്‍ട്ട് ഗ്യാരേജിലെത്തിക്കുകയും പൊങ്കാലയുടെ അന്ന് രാത്രി 8ന് ശേഷം ലോറിയില്‍ കയറ്റി വീട്ടിലേക്ക് കൊണ്ടുപോവുകയുമാണ് ചെയ്തത്. ആരോഗ്യവിഭാഗത്തിലെ ജീവനക്കാര്‍ ഇക്കാര്യം അറിയിച്ചിട്ടും മേയറും ഭരണസമിതിയും കട്ട മോഷണം മൂടിവെക്കാനാണ് ശ്രമിക്കുന്നത്.