തിരുവനന്തപുരം: തിരുവല്ലം ടോൾ പ്ലാസയ്ക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് യുവാവും യുവതിയും മരിച്ചു.കഴക്കുട്ടം യു.സ്.ടി ഗ്ലോബലിലെ ജീവനക്കാരൻ എറണാകുളം മുളവുർ ഈസ്റ്റ് വാഴപിളളി നിരപ്പിൽ വലിയവീട്ടിൽ പറമ്പിൽ നവീൻ സിബി (25) കഴക്കൂട്ടം കിൻഫ്രയിലെ ഇ.വൈ. ജി.ബി.എസ്. ഇന്ത്യാ ലിമിറ്റഡിലെ ജീവനക്കാരി ഇടുക്കി തൊടുപുഴ കരികുന്നം മുട്ടം മ്‌റാള അരികുപുറത്ത് മൃദുല ആൻ ഉമ്മൻ(25) എന്നിവരാണ് മരിച്ചത്. ഐടി ജീവനക്കാരായ ഇരുവരും തിരുവല്ലത്തുനിന്ന് കോവളം ഭാഗത്തേക്ക് ബൈക്കിൽ സഞ്ചരിക്കുമ്പോഴായിരുന്നു ദാരുണമായ അപകടം.വ്യാഴാഴ്ച ഉച്ചക്ക് 2.30-ഓടെ കഴക്കൂട്ടം കാരോട് ദേശീയപാതയിൽ പാച്ചല്ലൂരിലെ ടോളിനടുത്തുളള ഡിവൈഡറിലിടിച്ചാണ് അപകടമുണ്ടായത്. അമിതവേഗതയിൽ എത്തിയ ബൈക്ക് നിയന്ത്രണം തെറ്റി ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൃദുല സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. നവീൻ സിബിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നവീന്റെ ജന്മദിനമായിരുന്ന ഇന്നലെയാണ് ഈ ദാരുണ സംഭവം നടന്നത്. ഇരുവരുടെയും തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം.








