തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ വൈകിയതിനെത്തുടർന്ന് രോഗി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. നെയ്യാറ്റിൻകര സ്വദേശി രാജേഷ് കുമാർ (52) ആണ് മരിച്ചത്.കഠിനമായ നെഞ്ചുവേദനയുമായി ആശുപത്രിയിൽ എത്തിയ രാജേഷ് കുമാറിനെ സെക്യൂരിറ്റി ജീവനക്കാരൻ ക്യൂവിൽ നിൽക്കാൻ നിർബന്ധിച്ചതായി ബന്ധുക്കൾ ആരോപിക്കുന്നു. നെഞ്ചുവേദനയാണെന്ന് അറിയിച്ചിട്ടും അടിയന്തര ചികിത്സ നൽകാൻ തയ്യാറാകാതെ അരമണിക്കൂറോളം കാത്തുനിൽക്കാൻ ആവശ്യപ്പെട്ടുവെന്നാണ് പരാതി. കാത്തിരിപ്പിനിടെ ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അടിയന്തര ചികിത്സ ലഭ്യമാക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.വിഷയത്തിൽ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ ജില്ലാ മെഡിക്കൽ ഓഫീസർക്കും ആശുപത്രി സൂപ്രണ്ടിനും നിർദേശം നൽകി. വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം നടത്തി.








