വെഞ്ഞാറമൂട് : ഒരു ജനതയുടെ പൈതൃക സംസ്കാരത്തിന്റെ അവശേഷിപ്പായി തുടരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള റേഡിയോ കിയോസ്കിയും പൊതു സ്ഥലവും സംരക്ഷിക്കാൻ ആളില്ലാതെ നശിക്കുന്നു. മാണിക്കൽ ഗ്രാമ പഞ്ചായത്തിൽ വേളാവൂർ വെഞ്ഞാറമൂട് കഴക്കൂട്ടം ബൈപാസിന്റെ സമീപത്തായി ജങ്ഷനിലെ മുത്സ്‍ലീം പള്ളിയ്ക്ക് സമീപമാണ് റേഡിയോ കിയോസ്കി കാട് കയറിയ നിലയിൽ കിടക്കുന്നത്. പതിറ്റാണ്ടുകൾക്ക് മുൻപ് സ്ഥാപിതമായ റേഡിയോ കിയോസ്കിന്റെ പ്രവർത്തനം നിലച്ചിട്ട് കാൽ നൂറ്റാണ്ടിലധികമായി.ഒരു നാടിന്റെ സാംസ്‌കാരിക മുദ്രയായി അറിയപ്പെട്ടിരുന്ന റേഡിയോ കിയോസ്കിന് ചരിത്രപ്രാധാന്യവും പൈതൃകമൂല്യവും ഏറെയാണ്. പണ്ട് കാലങ്ങളിൽ വാർത്തകൾ അറിയാനും വിനോദ പരിപാടികൾ നാട്ടുകാരിൽ എത്തിക്കുന്നതിനായാണ് റേഡിയോ കിയോസ്കി കെട്ടിടം സ്ഥാപിച്ചത്.
കെട്ടിടത്തിന്റെ വശങ്ങളിൽ ഉള്ള കോളാമ്പിയിലൂടെയാണ് നിരവധി വർഷക്കാലം നാട്ടുകാർ വിവരങ്ങലും വിനോദ പരിപാടികളും കേട്ടുകൊണ്ടിരുന്നത്. റേഡിയോ സംരക്ഷണം തുടങ്ങുമ്പോൾ നൂറുകണക്കിന് ആളുകളാണ് ഇതിന് ചുറ്റും ഉണ്ടാകാറുള്ളതെന്ന് പഴമക്കാർ പറയുന്നു. ടെലിവിഷന്റെ കടന്നു വരവോടെ ഇവിടെ ടെലിവിഷനും സ്ഥാപിച്ചിരുന്നതായും പഴമക്കാർ പറയുന്നു. തുടർന്ന് റേഡിയോ കിയോസ്കിയെ നാട്ടുകാർ പതുക്കെ മറന്നു തുടങ്ങിയത്.
നാട്ടിൻ പുറങ്ങളിലെ പൈതൃകശേഷിപ്പുകൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഈ റേഡിയോ കിയോസ്ക് പ്രവർത്തനസജ്ജമാക്കി റേഡിയോ യൂണിറ്റ് സ്ഥാപികാണാമെന്നും പാറയ്ക്കൽ സർക്കാർ യു . പി . സ്‌കൂളിൽ കുട്ടികളുടെ റേഡിയോ പ്രവർത്തിക്കുന്നുണ്ട്.അത് ഇവിടെ കേൾക്കാനുള്ള സംവിധാനം ഉൾപ്പടെ ഒരുക്കണമെന്നും വി ഫോർ വേളാവൂർ എന്ന ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു.റേഡിയോ കിയോസ്കിയുടെ ചരിത്ര പ്രാധാന്യം കണക്കിലെടുത്ത് പുഴയൊഴുകും മാണിക്കൽ പദ്ധതിയിൽ ഉൾപ്പെടുത്തി മാണിക്കൽ ഗ്രാമ പഞ്ചായത്ത് സംരക്ഷണം ഒരുക്കുമെന്നും മാണിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ പറഞ്ഞു.