തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ പ്രതി സുകാന്തിനെതിരെ നിർണായ തെളിവുകൾ പൊലീസിന് ലഭിച്ചു. സുകാന്തിൻ്റെ ഐഫോണിലെ ചാറ്റുകൾ പൊലീസ് കണ്ടെത്തി. ഇതിൽ സുഹൃത്തായ പെൺകുട്ടിയോട് എന്ന് ആത്മഹത്യ ചെയ്യുമെന്ന് സുകാന്ത് ചോദിക്കുന്നതായി പൊലീസ് കണ്ടെത്തി. സുകാന്തിൻ്റെ ആവർത്തിച്ചുള്ള ചോദ്യത്തിന് പെൺകുട്ടി മറുപടി നൽകിയതും കണ്ടെത്തിയിട്ടുണ്ട്.ടെലഗ്രാമിലൂടെ ഇരുവരും ചാറ്റ് ചെയ്തതാണ് പൊലീസ് കണ്ടെത്തിയത്. ആഗസ്റ്റ് 9 ന് താൻ മരിക്കുമെന്ന് പെൺകുട്ടി മറുപടി നൽകുകയായിരുന്നു.
അതേസമയം, പ്രതി സുകാന്ത് സുരേഷിന്റെ അറസ്റ്റ് ഹൈക്കോടതി ഇന്നുവരെ തടഞ്ഞിരുന്നു. ഇന്ന് സുകാന്തിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഉത്തരവ് പറയും. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പൊലീസ് അന്വേഷണം വേഗത്തിൽ ആക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിരുന്നു. മരണം ഉണ്ടായി 57 ദിവസം കഴിഞ്ഞിട്ടും പ്രതി സുകാന്ത് സുരേഷിനെ പൊലീസ് പിടികൂടുന്നില്ലെന്ന് കുടുംബം പറഞ്ഞു.
കഴിഞ്ഞദിവസം കുടുംബം മുഖ്യമന്ത്രിയെ കണ്ടിരുന്നു. അന്വേഷണം വേഗത്തിൽ ആക്കുമെന്ന് ഉറപ്പ് നൽകിയതാണ്. പൊലീസ് നടപടിയെടുത്തില്ലെങ്കിൽ മറ്റു വഴികൾ നോക്കേണ്ടിവരുമെന്നും കുടുംബം പറഞ്ഞിരുന്നു.