തിരുവനന്തപുരം: പേവിഷ ബാധയേറ്റ് തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി നിയ ഫൈസൽ മരിച്ചു. കുട്ടി വെന്‍റിലേറ്റർ സഹായത്തിലായിരുന്നു.കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയാണ് നിയ.ഏപ്രിൽ എട്ടിന് ഉച്ചയോടെ വീട്ടുമുറ്റത്തിരിക്കുമ്പോഴാണ് കുന്നിക്കോട് സ്വദേശിയായ കുട്ടിയെ താറാവിനെ ഓടിച്ചെത്തിയ പട്ടി കടിച്ചത്. ഉടൻ തന്നെ ഐ.ഡി.ആർ.വി ഡോസ് എടുത്തിരുന്നു. അന്ന് തന്നെ ആന്‍റീ റാബിസ് സിറവും നൽകിയിരുന്നു. പിന്നീട് മൂന്ന് തവണ കൂടി ഐഡിആർവി നല്‍കി. ഇതിൽ മെയ് ആറിന് ഒരു ഡോസ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഇതിനിടെ ഏപ്രിൽ 28 ന് കുട്ടിക്ക് പനി ബാധിച്ചപ്പോൾ പരിശോധിച്ചു. അപ്പോഴാണ് പേവിഷ ബാധയേറ്റെന്ന് മനസിലായത്. യഥാസമയം വാക്സീനെടുത്തതിനാൽ പേവിഷ ബാധയേൽക്കില്ലെന്ന വിശ്വാസത്തിലായിരുന്നു കുടുംബവും നാട്ടുകാരും. അതിനാൽ തന്നെ പിന്നീടാരും പട്ടിയെ കുറിച്ച് അന്വേഷിച്ചില്ല. നായക്ക് എന്ത് സംഭവിച്ചുവെന്നും വ്യക്തമല്ല.
ദിവസങ്ങൾക്ക് മുൻപാണ് മലപ്പുറം പെരുവള്ളൂർ സ്വദേശി സിയ ഫാരിസ് കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ചത് ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ചത് മൂന്ന് കുഞ്ഞുങ്ങളാണ്. വാക്‌സീനെടുത്തിട്ടും പേവിഷ ബാധയേൽക്കുന്നത് ആവർത്തിക്കുകയാണ്.