വെമ്പായം : സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ 18 ലക്ഷം ശുദ്ധജല കണക്ഷനുകള്‍ നല്‍കാന്‍ സാധിച്ചെന്ന് ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍. ജലജീവന്‍ മിഷന്റെ വെമ്പായം, പനവൂര്‍, പുല്ലമ്പാറ പഞ്ചായത്തുകള്‍ക്ക് വേണ്ടിയുള്ള സമഗ്ര ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുകയെന്ന വലിയ കര്‍മ്മ പദ്ധതിക്കാണ് സര്‍ക്കാര്‍ നേതൃത്വം വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ, പൊതുവിതരണ വകുപ്പു മന്ത്രി ജി.ആര്‍. അനില്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
69.21 കോടി രൂപയുടെ പദ്ധതി വഴി വെമ്പായം ഗ്രാമപഞ്ചായത്തിലെ ചീരാണിക്കര വാര്‍ഡില്‍ ജലശുദ്ധീകരണശാലയും കൊടിതൂക്കിക്കുന്നില്‍ 15 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ഉപരിതല ജലസംഭരണിയും ദേവി നഗറില്‍ രണ്ട് ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ഉപരിതല ജലസംഭരണിയും നിര്‍മ്മിക്കും. നിലവിലുള്ള കുടിവെള്ള കണക്ഷനുകള്‍ കൂടാതെ വെമ്പായം ഗ്രാമപഞ്ചായത്തില്‍ 5,644 കുടിവെള്ള കണക്ഷനുകളും പനവൂര്‍ ഗ്രാമപഞ്ചായത്തില്‍ 3,013 കുടിവെള്ള കണക്ഷനും പുല്ലമ്പാറ ഗ്രാമപഞ്ചായത്തില്‍ 2,838 കുടിവെള്ള കണക്ഷനുകളും നല്‍കി മുഴുവന്‍ പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കാനാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. ശുദ്ധീകരണശാലയുടെ നിര്‍മ്മാണത്തിനായി ഒരേക്കര്‍ 15 സെന്റ് സ്ഥലം പഞ്ചായത്തുകള്‍ സംയുക്തമായി വാങ്ങി നല്‍കിയിട്ടുണ്ട്.
18 മാസം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഡി.കെ.മുരളി എം.എല്‍.എ, നെടുമങ്ങാട് ബ്ലോക്ക് പ്രസിഡന്റ് വി. അമ്പിളി, വാമനപുരം ബ്ലോക്ക് പ്രസിഡന്റ് ജി. കോമളം, വിവിധ ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്മാര്‍ ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായി.