തിരുവനന്തപുരം: നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കായി സംഘടിപ്പിച്ച മൂന്ന് ദിവസത്തെ അവധിക്കാല ക്യാമ്പ് ‘പ്രതീക്ഷ@2047’ സമാപിച്ചു. തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്‌സ് ഹാളിൽ നടന്ന ക്യാമ്പ് മെയ് ഒമ്പതിന് മേയർ വി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. നവഭാരത സൃഷ്ടിയിൽ യുവതയുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനൊപ്പം വിവിധ വിഷയങ്ങളിൽ അവബോധം നൽകുന്നതിനുമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.വിവിധ മേഖലകളിലെ പ്രമുഖർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സൈബർ സുരക്ഷയെക്കുറിച്ച് സൈബർ സെല്ലും, നേതൃത്വ പരിശീലനത്തിൽ ബ്രഹ്മനായകം മഹാദേവനും ക്ലാസുകളെടുത്തു. റിട്ട. ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ ഭരണഘടനയെക്കുറിച്ചും, മുൻ ഡി.ജി.പി. ഋഷിരാജ് സിംഗ് ലഹരി വിരുദ്ധ പ്രതിരോധത്തെക്കുറിച്ചും വിദ്യാർത്ഥികളുമായി സംവദിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെൻ്റ് ജീവൻ രക്ഷാ പരിശീലനവും ഡോ. ജയകുമാരി സി. ഇ. വ്യക്തിത്വ വികാസ ക്ലാസും നയിച്ചു.ഭരണനേതൃരംഗത്തെ സ്ത്രീകളുടെ വെല്ലുവിളികളെക്കുറിച്ച് ഡെപ്യൂട്ടി മേയർ ആശാനാഥ് ജി.എസ്. സംസാരിച്ചു. സാമൂഹിക സേവനത്തിൻ്റെ ഭാഗമായി കഴക്കൂട്ടം, തൈക്കാട് എന്നിവിടങ്ങളിലെ നഗരസഭാ ശ്മശാനങ്ങൾ വിദ്യാർത്ഥികൾ ശുചീകരിച്ചു.സമാപന ചടങ്ങിൽ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം.ആർ. ഗോപൻ, സത്യവതി, മഞ്ജു ജി.എസ്. തുടങ്ങിയവർ പങ്കെടുത്തു. പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം മേയർ വി.വി. രാജേഷും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചെമ്പഴന്തി ഉദയനും ചേർന്ന് നിർവഹിച്ചു.






