തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ മരണത്തിൽ അന്വേഷണം തുടരുമെന്ന് പൊലീസ്. ഇനി ലഭിക്കാനുള്ള ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം നിർണായകമാണ്. അത് ലഭിച്ചതിനു ശേഷം തുടർനടപടി സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം. ഫലം വേഗത്തിൽ ലഭിക്കാൻ പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികത ഒന്നും തന്നെ കണ്ടെത്തിയില്ലെങ്കിലും ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വന്നാൽ മാത്രമേ ഇത് പൂർണമായി സ്ഥിരീകരിക്കാൻ കഴിയൂവെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിലപാട്. അതേസമയം രാസ പരിശോധന ഫലം ലഭിച്ചാൽ വരും ദിവസങ്ങളിൽ കുടുംബാംഗങ്ങളെ പൊലീസ് ചോദ്യം ചെയ്യൽ ആരംഭിക്കും.
പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. കാലുകളിൽ പഴക്കം ചെന്ന മുറിവുകൾ കണ്ടെത്തി. ഇത് പ്രമേഹത്തെ തുടർന്ന് ഉണ്ടായതാകാമെന്നാണ് വിദഗ്ദരുടെ നിഗമനം. ഹൃദയ വാൽവിൽ രണ്ട് ബ്ലോക്കുകളും കണ്ടെത്തിയിട്ടുണ്ട്. ഇത് മരണകാരണമായോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ഏറെ കാലമായി കിടപ്പിലായിരുന്നു ഗോപൻ. ഇതിന്റെ ഭാഗമായി ചെറിയ മുറിവുകളും,കരിവാളിപ്പും ശരീരത്തിലുണ്ടായിരുന്നു.ജനുവരി 17നായിരുന്നു ഗോപന്റെ മൃതദേഹം കല്ലറ പൊളിച്ച് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചത്. നടപടികള്‍ക്കുശേഷം വീണ്ടും മൃതദേഹം സംസ്‌കരിച്ചു. പൊലീസ് പൊളിച്ച പഴയ കല്ലറക്ക് സമീപം തന്നെയാണ് പുതിയ കല്ലറ തീര്‍ത്ത് സംസ്‌കാരം നടത്തിയത്