വെഞ്ഞാറമൂട് : പുല്ലമ്പാറ പഞ്ചായത്തിലെ മേലേ കുറ്റിമൂട്ടില്‍ വീട്ടമ്മ രാത്രിയിൽ പുലിയെ കണ്ടെന്ന് അഭ്യൂഹം നാട്ടുകാരിൽ ഭീതി പടർത്തി. മേലേ കുറ്റിമൂട്ടിലുള്ള റുസീലയെന്ന വീട്ടമ്മ വെള്ളിയാഴ്ച രാത്രി വീട്ടിനു സമീത്തെ കിണറ്റിനടുത്ത് പുലിയെ കണ്ടതായി പരിസരവാസികളെ അറിയിച്ചത്. തുടര്‍ന്ന് അവര്‍ അറിയിച്ചതനുസരിച്ച് പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡംഗവും സ്ഥലത്തെത്തുകയും വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച വൈകിട്ടോടെ പാലോട് നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പരിശോധിച്ച ശേഷം കാട്ടു പൂച്ചയാകാനുള്ള സാധ്യതയാണ് നാട്ടുകാരോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ വീട്ടമ്മ പുലിയെ തന്നെയാണ് കണ്ടതെന്ന് അഭിപ്രായത്തില്‍ ഉറച്ച് നില്ക്കുകയും ചെയ്തതോടെ നാട്ടുകാരിൽ ആശങ്ക പടർന്നിരിക്കുകയാണ്. വീട്ടമ്മയുടെ കിണറ്റിൻറെ സമീപത്തായി പുലിയുടെ കാൽപാടുകൾ എന്ന് സംശയിക്കുന്ന കാൽപാടുകളും കണ്ടെത്തിയിട്ടുണ്ട്. അടുത്ത പ്രദേശങ്ങളിൽ നിന്നായി രണ്ടു തവണ ഇത്തരത്തിൽ പുലിയെ കണ്ടെന്ന് നാട്ടുകാർ അറിയിച്ചതായും ക്യാമറ ഉൾപ്പടെയുള്ള സംവിധാനങ്ങൾ സ്ഥാപിച്ചു നിരീക്ഷണം ഏർപ്പെടുത്തുമെന്നും പുല്ലമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി രാജേഷ് പറഞ്ഞു.