തിരുവനന്തപുരം :ഷാരോണ്‍ വധകേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കരഞ്ഞുകൊണ്ടാണ് ഗ്രീഷ്മ കോടതിയില്‍ വിധി പ്രസ്താവം കേട്ടത്
കോടതിയുടെ വിധി പ്രസ്താവം ഇങ്ങനെ
കേരള പോലീസിന് കോടതി അഭിനന്ദനങ്ങൾ അറിയിച്ചു. പോലീസ് അന്വേഷണം അതിൽ സമർത്ഥമായി നടത്തി. അന്വേഷണ രീതി മാറിയ കാലത്തിനനുസരിച്ച് പോലീസ് മാറ്റി. സാഹചര്യ തെളിവുകൾ നല്ല രീതിയിൽ ഉപയോഗിക്കുകയും ചെയ്തു. കുറ്റകൃത്യം ചെയ്ത അന്നുമുതൽ തനിക്ക് എതിരായ തെളിവുകൾ താൻ സ്വയം ചുമന്ന് നടക്കുകയായിരുന്നു എന്ന് പ്രതി അറിഞ്ഞിരുന്നു. വിവാഹനിശ്ചയത്തിനുശേഷം ഷാരോണുമായി പ്രതി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് തെളിഞ്ഞതായി കോടതി വിധിപ്രസ്താവത്തിൽ വ്യക്തമാക്കി.
ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ വിഷം നൽകി കൊലപ്പെടുത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. മരണക്കിടക്കയിലും ഷാരോൺ ഗ്രീഷ്മയെ സ്നേഹിച്ചു. ഗ്രീഷ്മ ശിക്ഷിക്കപ്പെടാൻ ഷാരോൺ ആഗ്രഹിച്ചിരുന്നില്ല. ഷാരോണിന് പരാതി ഉണ്ടോ ഇല്ലയോ എന്നത് കോടതിക്ക് മുമ്പിൽ പ്രസക്തമല്ല. അതേ സമയം സ്നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ ശ്രമിച്ചു. ലൈംഗികബന്ധത്തിൽ ഏർപ്പെടാം എന്ന് പറഞ്ഞാണ് ഷാരോണിനെ വിളിച്ചു വരുത്തിയത്. ജ്യൂസിൽ എന്തോ പ്രശ്നങ്ങളുണ്ടെന്ന് ഷാരോണിന് ബോധ്യമുണ്ടായിരുന്നു.അതുകൊണ്ടാണ് ഷാരോൺ വീഡിയോ ചിത്രീകരിച്ചത് എന്നും കോടതി ചൂണ്ടിക്കാട്ടി.