തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ തളിപ്പാത്രം മോഷണം പോയ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത മുഖ്യപ്രതിയായ രാജേഷ് ഝാ എന്നയാൾ ഓസ്ട്രേലിയൻ പൌരനായ ഡോക്ടറാണെന്ന് പൊലീസ്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേർ സ്ത്രീകളാണ്.
അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഒരു എസ്.പി, ഒരു ഡി.വൈ.എസ്.പി നാല് സിഐമാർ, 200 പോലീസുകാർ എന്നവരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. ഈ സുരക്ഷാ വലയം ഭേദിച്ചാണ് പ്രതികൾ മോഷണം നടത്തിയത് എന്നുള്ളത് ക്ഷേത്രത്തിന്റെ സുരക്ഷയെ സംബന്ധിച്ച ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. മെറ്റൽ ഡിക്റ്റക്റ്റർ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ചാണ് പ്രതികൾ തളിപ്പാത്രം പുറത്ത് കടത്തിയത്. ഇവർ തളിപ്പാത്രം മോഷ്ടിക്കുന്നതിന്റെ ദൃശ്യം സംഭവം നടന്ന വ്യാഴാഴ്ച തന്നെ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹരിയാനയിൽ നിന്ന് പ്രതികൾ പിടിയിലാകുന്നത്. മോഷണ ശേഷം ഉടുപ്പിയിലെത്തിയ പ്രതികൾ അവിടെനിന്നും വിമാന മാർഗമാണ് ഹരിയാനയിൽ എത്തിയത്.