തിരുവനന്തപുരം: തലസ്ഥാനത്ത് കുടിവെള്ള പ്രതിസന്ധി തുടരുന്നു. കുമാരപുരം മുതല്‍ പേട്ടവരെ വെള്ളം കിട്ടിയിട്ട് നാലുദിവസമായി. വെള്ളം കിട്ടാത്തതുകാരണം നഗരത്തില്‍ നിന്നു പലരും വീടടച്ച് ബന്ധു വീടുകളിലേക്ക് മാറിയിരിക്കുന്നു. സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഭാഗമായി ആല്‍ത്തറ–വഴുതക്കാട് ലൈനില്‍ ഇന്‍റര്‍ കണക്ഷന്‍ നല്‍കുന്നതിന്‍റെ ഭാഗമായിരുന്നു വെള്ളം മുടങ്ങിയത്. ശനിയാഴ്ച പണി തീരുമെന്നാണ് പറഞ്ഞതെങ്കിലും ഞായറാഴ്ച രാത്രിയിലാണ് തീര്‍ന്നത്. പിന്നീട് പമ്പിങ്ങ് തുടങ്ങി. എന്നാല്‍ താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളം കിട്ടിയത്. ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളമെത്തിയില്ല. സെക്രട്ടറിയേറ്റിന്‍റെ മുന്‍വശമായ ഉപ്പളം റോഡുമുതല്‍ പേട്ട, ചാക്ക, കുമാരപുരം, വേളി തുടങ്ങി നഗരത്തിന്‍റെ പ്രധാന ഭാഗങ്ങളിലെല്ലാം നാലു ദിവസമായി വെള്ളം കിട്ടിയിട്ട്. ഇന്നലെ രാത്രിയിലും നൂലുപോലെയാണ് വെള്ളം വന്നത്.