ശരീരഭാരം കുറയ്ക്കാനുള്ള തീരുമാനത്തിലാണോ ? എങ്കിൽ നിർബന്ധമായും നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ജ്യൂസുകളിലൊന്നാണ് തണ്ണിമത്തൻ ജ്യൂസ്. വിറ്റാമിനുകളും ധാതുക്കളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയ പഴമാണ് തണ്ണിമത്തൻ. തണ്ണിമത്തൻ ജ്യൂസിൽ നല്ല അളവിൽ വെള്ളം മാത്രമല്ല, ദഹനത്തെ സഹായിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന പോഷകങ്ങളും ഉണ്ട്. നൂറു ഗ്രാം തണ്ണിമത്തൻ ജ്യൂസിൽ 91.45 ഗ്രാം വെള്ളമാണ് അടങ്ങിയിട്ടുള്ളത്. അതിനാൽ ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിന് മികച്ചതാണ് തണ്ണിമത്തൻ ജ്യൂസ്.
ഇതിൽ ലൈക്കോപീൻ, ബീറ്റാ കരോട്ടിൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്ട്രെസിനെ ചെറുക്കാൻ സഹായിക്കുമെന്ന് പോഷകാഹാര വിദഗ്ധ നീലിമ ബിഷ്ത് പറയുന്നു. ഓക്‌സിഡേറ്റീവ് സ്ട്രെസ് ധമനികളിൽ പ്ലാക്ക് രൂപപ്പെടുന്നതിന് കാരണമാകും. ഇത് കൊറോണറി ആർട്ടറി ഡിസീസ്, ഹൃദയാഘാതം എന്നിവയുൾപ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. കൂടാതെ, ഇതിലെ പൊട്ടാസ്യം ഹൃദയാരോഗ്യത്തിനും ഫലപ്രദമാണ്.
തണ്ണിമത്തനിലെ ഉയർന്ന ജലാംശവും നാരുകളും ദഹന ആരോഗ്യത്തിന് സഹായിക്കും. തണ്ണിമത്തൻ ജ്യൂസിലെ നാരുകൾ മലബന്ധം തടയുന്നതിനും വിവിധ ദഹന പ്രശ്നങ്ങൾ അകറ്റുന്നതിനും ഗുണം ചെയ്യും.