കഴക്കൂട്ടം: കസ്റ്റംസ് ഉദ്യോഗസ്ഥയെന്നു വിശ്വസിപ്പിച്ച് സ്വർണ്ണ ലേലത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി പോലീസ് പിടിയിലായി. കോന്നി സ്വദേശിനിയും തോന്നയ്ക്കലിലെ ഫ്ലാറ്റിൽ വാടകയ്ക്ക് താമസിച്ചുവരികയുമായിരുന്ന ദീപ കുമാരിയാണ് കഴക്കൂട്ടം പോലീസിന്റെ കസ്റ്റഡിയിലായത്. കഴക്കൂട്ടം വടക്കുംഭാഗം സ്വദേശിയിൽ നിന്ന് 13.5 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി.തിരുവനന്തപുരത്ത് കസ്റ്റംസ് ഓഫീസറാണെന്ന് പരിചയപ്പെടുത്തിയാണ് ദീപ തട്ടിപ്പിന് തുടക്കമിട്ടത്. വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടുന്ന സ്വർണ്ണം ലേലം ചെയ്യുമ്പോൾ വളരെ കുറഞ്ഞ വിലയ്ക്ക് എടുത്തുനൽകാമെന്നായിരുന്നു വാഗ്ദാനം. ഇത് വിശ്വസിച്ച പരാതിക്കാരനിൽ നിന്ന് 2025 സെപ്റ്റംബർ മാസത്തിൽ മൂന്ന് തവണകളായാണ് 13,50,000 രൂപ ഇവർ കൈക്കലാക്കിയത്.പണം വാങ്ങിയ ശേഷം യുവതി ഒളിവിൽ പോവുകയായിരുന്നു. ഫോണിലും നേരിട്ടും ബന്ധപ്പെടാൻ കഴിയാതെ വന്നതോടെയാണ് താൻ വഞ്ചിക്കപ്പെട്ട വിവരം പരാതിക്കാരൻ തിരിച്ചറിഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതി സമാനമായ രീതിയിൽ മറ്റ് പലരിലും നിന്നും പണം തട്ടിയെടുത്തിട്ടുള്ളതായി പോലീസിന് പ്രാഥമിക വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ പശ്ചാത്തലത്തെക്കുറിച്ചും കൂടുതൽ ആളുകൾ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്.






