കഴക്കൂട്ടം : സെൻസസ് പ്രവർത്തനങ്ങളുടെ ഭാഗമായി വീടുകളിൽ വിവരശേഖരണത്തിനെത്തിയ ഉദ്യോഗസ്ഥനെ വളർത്തുനായ ആക്രമിച്ചു. ചാക്ക ഗവ. ഐ.ടി.ഐ.യിലെ ട്രേഡ് ഇൻസ്‌പെക്ടർ പ്രവീണിനാ(42)ണ് പരിക്കേറ്റത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് കുളത്തൂർ മൺവിള ജങ്ഷന് സമീപമായിരുന്നു സംഭവം.ജങ്ഷനിലെ ഇടവഴിയിലുള്ള വീടുകൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ച് അടുത്ത വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. സമീപത്തെ വീട്ടിൽ കെട്ടിയിട്ടിരുന്ന നായ ചങ്ങല പൊട്ടിച്ച് ഓടിയെത്തി അധ്യാപകനെ ആക്രമിക്കുകയായിരുന്നു. കൈക്ക് മൂന്നിടത്ത് കടിയേറ്റ പ്രവീണിനെ വീട്ടുകാരെത്തിയാണ് നായയിൽനിന്ന് രക്ഷപ്പെടുത്തിയത്. പരിക്കേറ്റ ഉദ്യോഗസ്ഥൻ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.








