ന്യൂഡൽഹി: ഇന്ത്യൻ വാഹനവിപണിയിൽ മാരുതി സുസുക്കി ഡിസയറിന്റെ കുതിപ്പ് തുടരുന്നു. 2026-ലെ ആദ്യ ആറുമാസത്തിനിടെ (ജനുവരി – ജൂൺ) രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറെന്ന നേട്ടം ഡിസയർ സ്വന്തമാക്കി. ഈ കാലയളവിൽ 1,26,204 യൂണിറ്റുകളുടെ വിൽപ്പനയാണ് മാരുതി സുസുക്കി രേഖപ്പെടുത്തിയത്. സുരക്ഷയിലും ഇന്ധനക്ഷമതയിലും വരുത്തിയ വിപ്ലവകരമായ മാറ്റങ്ങളാണ് പുതിയ മോഡലിനെ ജനപ്രിയമാക്കിയത്.
വിൽപ്പനപ്പട്ടികയിൽ ടാറ്റ പഞ്ച് രണ്ടാം സ്ഥാനത്തെത്തി. ആറുമാസത്തിനിടെ 1,19,303 യൂണിറ്റുകളാണ് പഞ്ച് വിറ്റഴിച്ചത്. തൊട്ടുപിന്നാലെ 1,18,166 യൂണിറ്റുകളുടെ വിൽപ്പനയുമായി ടാറ്റ നെക്സോൺ മൂന്നാം സ്ഥാനം നിലനിർത്തി.
ആദ്യ അഞ്ച് സ്ഥാനങ്ങളിൽ മൂന്ന് മോഡലുകൾ നിലനിർത്തിക്കൊണ്ട് മാരുതി വിപണിയിൽ തങ്ങളുടെ ആധിപത്യം വീണ്ടും തെളിയിച്ചു. എം.പി.വി. വിഭാഗത്തിൽ മുന്നിലുള്ള മാരുതി സുസുക്കി എർട്ടിഗ (1,08,295 യൂണിറ്റുകൾ) നാലാം സ്ഥാനത്തും, മാരുതി സുസുക്കി വാഗൺആർ (1,00,704 യൂണിറ്റുകൾ) അഞ്ചാം സ്ഥാനത്തുമെത്തി.
മറ്റ് ജനപ്രിയ മോഡലുകൾ മാരുതി സുസുക്കി സ്വിഫ്റ്റ് (97,747) ആറാമതും, മാരുതി ബലേനോ (96,996) ഏഴാമതും, മാരുതി ഫ്രോങ്ക്സ് (95,441) എട്ടാമതുമാണ്. മിഡ്സൈസ് എസ്യുവി വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഹ്യുണ്ടായി ക്രെറ്റ 91,391 യൂണിറ്റുകളുമായി ഒൻപതാം സ്ഥാനത്താണ്. പത്താം സ്ഥാനത്തുള്ള മഹീന്ദ്ര സ്കോർപിയോ 89,375 യൂണിറ്റുകളുടെ വിൽപന രേഖപ്പെടുത്തി.
കരുത്തും സുരക്ഷയും ഒന്നിച്ചപ്പോൾ സുരക്ഷയുടെ കാര്യത്തിൽ വരുത്തിയ വലിയ മാറ്റമാണ് ഡിസയറിന് തുണയായത്. ഗ്ലോബൽ എൻക്യാപ് ക്രാഷ് പരിശോധനയിൽ അഞ്ച് സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയാണ് പുതിയ ഡിസയർ വിപണിയിലെത്തിയത്. പുതിയ 1.2 ലിറ്റർ ഇസഡ്-സീരീസ് മൂന്ന് സിലിണ്ടർ പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 80 ബി.എച്ച്.പി കരുത്തും 112 എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കുന്നു.
മികച്ച ഇന്ധനക്ഷമതയാണ് ഡിസയറിന്റെ മറ്റൊരു പ്രധാന ആകർഷണം. മാനുവൽ പതിപ്പിന് ലിറ്ററിന് 24.79 കിലോമീറ്ററും, ഓട്ടോമാറ്റിക് പതിപ്പിന് 25.71 കിലോമീറ്ററും മൈലേജ് ലഭിക്കും. സി.എൻ.ജി പതിപ്പിന് കിലോഗ്രാമിന് 33.73 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത. 6.26 ലക്ഷം രൂപ മുതൽ 9.31 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ ഡൽഹി എക്സ്-ഷോറൂം വില.








