തിരുവനന്തപുരം : ആമയിഴഞ്ചാൻ തോട്ടിൽ വീണുമരിച്ച ശുചീകരണത്തൊഴിലാളി എൻ ജോയിയുടെ അമ്മയ്ക്ക് ധനസഹായം നൽകണമെന്ന് റെയിൽവേയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ടണൽ റെയിൽവേയുടെ പരിധിയിലായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ആവശ്യമുന്നയിച്ചത്. മാലിന്യനീക്കം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് ആവശ്യമുന്നയിച്ചത്. മേലധികാരികളുമായി ഇക്കാര്യം കൂടിയാലോചിച്ച ശേഷം മറുപടി നൽകാമെന്ന് ഡിആർഎം മനീഷ് യോഗത്തിൽ മറുപടി പറഞ്ഞു. ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് വിശ്വാസം. ആമയിഴഞ്ചാൻ കനാലിലെ മാലിന്യം നീക്കുമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്.