ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയിലേക്ക് ചൂരൽമലയിൽ നിന്നും നിർമ്മിക്കുന്ന താൽക്കാലിക പാലത്തിന്റെ (ബെയ്‌ലി പാലം) നിർമ്മാണം വൈകുന്നേരത്തോടെ പൂർത്തിയാകും. 190 അടി നീളത്തിലാണ് പാലം നിർമ്മിക്കുന്നത്. 24 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികൾ എത്തിക്കാനാവും.
നീളം കൂടുതലായതിനാൽ പുഴയ്ക്ക് മധ്യത്തിൽ തൂൺ സ്ഥാപിച്ചാണ് പാലം നിർമ്മിക്കുന്നത്. പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ രക്ഷാപ്രവർത്തനം എളുപ്പമാകും. ഡൽഹിയിൽ നിന്നും ബംഗ്ലൂരുവിൽ നിന്നുമാണ് പാലം നിർമ്മിക്കുന്നതിന് ആവശ്യമായ സാമഗ്രികൾ ചൂരൽമലയിൽ എത്തിക്കുന്നത്. ഡൽഹിയിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിൽ വിമാനം വഴി എത്തിക്കുന്ന സാമഗ്രികൾ വയനാട്ടിലേക്ക് ട്രക്കുകളിലാണ് കൊണ്ടുവരിക. ചൊവ്വാഴ്ച രാത്രിയോടെ ആദ്യ വിമാനത്തിൽ എത്തിയ സാമഗ്രികൾ ഉപയോഗിച്ചാണ് ഇപ്പോൾ പാലത്തിന്റെ നിർമ്മാണം നടക്കുന്നത്.
ബുധനാഴ്ച വൈകീട്ട് കണ്ണൂരിൽ എത്തുന്ന രണ്ടാമത്തെ വിമാനത്തിൽ നിന്നുള്ള സാമഗ്രികൾ 15 ട്രക്കുകളിലായി രാത്രിയോടെ ചൂരൽ മലയിൽ എത്തും. ബംഗ്ലൂരുവിൽ നിന്നും കരമാർഗ്ഗവും സാമഗ്രികൾ ചൂരൽമലയിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.കേരള ആൻഡ് കർണാടക സബ് ഏരിയ ജനറൽ ഓഫീസർ കമാന്റിംഗ് (ജിഒസി) മേജർ ജനറൽ വി ടി മാത്യുവിന്റെ നേതൃത്വത്തിലാണ് കരസേനയുടെ രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത്. കരസേനയുടെ 100 പേർ കൂടി രക്ഷാദൗത്യത്തിനായി ഉടൻ ദുരന്തമുഖത്ത് എത്തും.
മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവർ ഉണ്ടെങ്കിൽ കണ്ടെത്തുന്നതിനായി കരസേനയുടെ പ്രത്യേക പരിശീലനം സിദ്ധിച്ച മൂന്ന് സ്നിഫർ നായകൾ ബുധനാഴ്ച രാത്രിയോടെ ദുരന്തമേഖലയിൽ എത്തും. മീററ്റിൽ നിന്നും വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഇവ കണ്ണൂർ വിമാനത്താവളത്തിലും അവിടെനിന്ന് ദുരന്ത മേഖലയിലും എത്തും.