കഠിനംകുളം: മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പുതുകുറിച്ചി തെരുവിൽ തൈവിളാകം ശരണ്യ ഭവനിൽ വിൽഫ്രഡ് (31) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 6.30-ഓടെയായിരുന്നു അപകടം. മത്സ്യബന്ധനത്തിനായി വള്ളം കടലിലേക്ക് ഇറക്കുന്നതിനിടെ ശക്തമായ തിരമാലയിൽപ്പെട്ട് മറിയുകയായിരുന്നു. ഈ സമയം കരയിൽ ഉണ്ടായിരുന്ന വിൽഫ്രഡ് ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് വിൽഫ്രഡിന് ഗുരുതരമായി പരുക്കേറ്റത്.
ഉടൻ തന്നെ കൂടെയുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികൾ ചേർന്ന് ഇദ്ദേഹത്തെ കരയ്ക്കെത്തിക്കുകയും കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.








