പോത്തൻകോട് : ശാന്തിഗിരി ഫെസ്റ്റിൽ സന്ദർശകർക്ക് പുതിയ അനുഭവം സമ്മാനിക്കാൻ ഹെലി ടൂറിസം പദ്ധതിക്ക് തുടക്കമായി. ശാന്തിഗിരി ഹെലിപാഡിൽ നിന്നുളള ആദ്യആകാശയാത്ര ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഫ്ളാഗ് ഓഫ് ചെയ്തു.
ശാന്തിഗിരിയുടെ പുതുവത്സരസമ്മാനമാണ് ഹെലികോപ്ടർ യാത്ര. സംസ്ഥാനത്തിന്റെ ആഭ്യന്തര ടൂറിസത്തിന്റെ അനന്ത സാധ്യതകളാണ് ശാന്തിഗിരി ഫെസ്റ്റിലൂടെ വെളിവാകുന്നതെന്നും സ്വാമി പറഞ്ഞു. ചടങ്ങിൽ മാർക്കറ്റിംഗ് വിഭാഗം ഹെഡ് സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി , ചലച്ചിത്ര സംവിധായകൻ ബൈജു കൊട്ടാരക്കര, എംജി വേൾഡ് മാനേജിങ് ഡയറക്ടർ വിനോദ് കുമാർ, തുമ്പി ഏവിയേഷൻ ടെക്നിക്കൽ ഡയറക്ടറും ഗ്രൂപ്പ് ക്യാപ്ടനുമായഫിലിപ്പ് ജേക്കബ്, ശാന്തിഗിരി ആശ്രമം ഉപദേശകസമിതി കമ്മ്യൂണിക്കേഷൻസ് അഡ്വൈസർ സബീർ തിരുമല, മാണിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ് ലേഖ കുമാരി, മാണിക്കൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ആർ സഹീറത്ത് ബീവി, വികസനകാര്യ ചെയർമാൻ എം അനിൽകുമാർ, മെമ്പർ കോലിയക്കോട് മഹേന്ദ്രൻ, പൂലന്തറ കെ. കിരൺ ദാസ് എന്നിവർ സംബന്ധിച്ചു.
തുമ്പി ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ്, എം.ജി. വേൾഡ് വേയ്സ്, ശാന്തിഗിരി ആശ്രമം എന്നിവരുടെ സംയുക്തആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5.30 വരെയായിരിക്കും ഹെലികോപ്റ്ററില്‍ ആകാശയാത്രയ്ക്കുളള സൗകര്യം ഉണ്ടായിരിക്കുക. ഒരു യാത്ര ഏകദേശം 6-7 മിനിട്ട് വരെയാണ്. പൈലറ്റിനു പുറമെ ആറു പേർക്കു കൂടി യാത്ര ചെയ്യാം. ശാന്തിഗിരി ഫെസ്റ്റ് നഗരിയുടെ 12 കിലോമീറ്റർ ചുറ്റളവിലായിരിക്കും യാത്ര. സർവീസ് ജനുവരി 3 വരെ തുടരും. ഒരാൾക്ക് 3500 രൂപയാണ് ചാർജ്. helitaxii.com എന്ന വെബ് സൈറ്റ് വഴിയും +91 953 955 1802 എന്ന നമ്പറിലും ബുക്ക് ചെയ്യാവുന്നതാണ്.