മുംബൈ: ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമില്‍ മലയാളി താരം സഞ്ജു സാംസണെ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ലെന്ന ചോദ്യത്തിന് മറുപടിയുമായി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍. വാഹനാപകടത്തില്‍ പരിക്കേല്‍ക്കുന്നതിന് മുമ്പ് മൂന്ന് ഫോര്‍മാറ്റിലും റിഷഭ് പന്ത് ആയിരുന്നു ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍. വിദേശത്ത് അടക്കം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് സുപ്രധാന വിജയങ്ങള്‍ സമ്മാനിച്ചിട്ടുള്ള കളിക്കാരനുമാണ് റിഷഭ് പന്ത്. പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയ റിഷഭ് പന്തിനെ ഇതുവരെ ടി20 മത്സരങ്ങളില്‍ മാത്രമാണ് കളിപ്പിച്ചത്. ഓസ്ട്രേലിയക്കെതിരെ അടക്കം വരാനിരിക്കുന്ന നിര്‍ണായക പരമ്പരകള്‍ കണക്കിലെടുത്ത് തിരിച്ചുവരവിന്‍റെ അടുത്ത ഘട്ടമെന്ന നിലയിലാണ് റിഷഭ് പന്തിന് ഏകദിന ടീമിലും ഇപ്പോള്‍ അവസരം നല്‍കിയത്. റിഷഭ് പന്തിനെ ഉള്‍പ്പെടുത്തിയപ്പോള്‍ സഞ്ജു അടക്കമുള്ള ചില താരങ്ങള്‍ നിര്‍ഭാഗ്യം കൊണ്ട് പുറത്തായി.