തിരുവനന്തപുരം : ബാലരാമപുരത്ത് സമാധി വിവാദത്തിൽ വിചിത്ര വാദങ്ങളുമായി മരിച്ച ഗോപന്‍റെ മകൻ. അഞ്ച് കൊല്ലം മുമ്പ് അച്ചൻ സമാധി കല്ല് ഉള്‍പ്പെടെ വരുത്തിയതാണെന്നും ഇപ്പോഴാണ് സമാധിയാകാൻ സമയമായെന്ന് അച്ഛൻ പറഞ്ഞതെന്നും അതുപ്രകാരമാണ് കാര്യങ്ങള്‍ ചെയ്തെന്നും മകൻ മാധ്യമങ്ങളോട് പറഞ്ഞു. സന്യാസിയായ അച്ഛൻ സമാധിയാകാൻ സമയമായപ്പോള്‍ അവിടെ പോയിരുന്ന് പത്മാസനത്തിൽ ഇരുന്ന് എന്നെ അനുഗ്രഹിച്ചു. പ്രാണശക്തി ഉണര്‍ത്തുകയും പ്രാണായാമം ചെയ്ത് ഭ്രമത്തിലേക്ക് ലയിക്കുന്ന ചെയ്യുന്ന സമയമായിരുന്നു അത്. അപ്പോള്‍ ആരെയും കാണിക്കാൻ പാടില്ല. ഞാൻ ചെയ്തത് പൂര്‍ണമായും ശരിയാണ്. ഞാൻ ചെയ്തത് തെറ്റല്ല. അച്ഛൻ സ്വന്തം ആഗ്രഹപ്രകാരമാണ് സമാധിയായത്.
അച്ഛൻ സമാധിയായശേഷം ചേട്ടനെ വിളിച്ച് പൂജാദ്രവങ്ങളെല്ലാം വാങ്ങികൊണ്ടുവന്നു. പകൽ സമയത്താണ് ഇതെല്ലാം ചെയ്തത്. എല്ലാ സുഗന്ധ ദ്രവ്യങ്ങളും ഇട്ടാണ് അച്ഛനെ നിമജ്ഞനം ചെയ്തത്. ഈ ക്ഷേത്രത്തിന്‍റെ യോഗീശ്വരനാണ് അച്ഛൻ. ഇനി ഈ ക്ഷേത്രത്തിന് വളര്‍ച്ചയുണ്ടാകും. അതിനെ തകര്‍ക്കാനാണ് നാട്ടുകാരുടെ ശ്രമമെന്നും മകൻ ആരോപിച്ചു. രാവിലെ ചടങ്ങുകളെല്ലാം കഴിഞ്ഞ് സമാധിയായെന്ന് പറഞ്ഞ് പോസ്റ്റര്‍ ഒട്ടിച്ചു അച്ഛനെ അവര്‍ക്ക് വിട്ടുകൊടുക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്നം. നിങ്ങള്‍ ആരെയും അറിയിക്കാതെ ഇത് ചെയ്തെന്നും അകത്താക്കി തരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും മകൻ ആരോപിച്ചു.
അതേസമയം,പാതിരാത്രിയാണ് ആ ക്ഷേത്രത്തിൽ വിളക്ക് കത്തിക്കുന്നതെന്നും നാട്ടുകാരെ അങ്ങോട്ട് കയറ്റാറില്ലെന്നും ഇവിടെ ജീവിക്കാൻ പേടിയുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. നെയ്യാറ്റിൻകരയിലെ സമാധിയിൽ ദുരൂഹതയുണ്ടെന്നും പൊലീസ് അന്വേഷിക്കണമെന്നും നാട്ടുകാര്‍ പറഞ്ഞു. സംഭവം വിവാദമായതോടെ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്താനൊരുങ്ങുകയാണ് പൊലീസ്.
വിഷയത്തിൽ കളക്ടർക്ക് റിപ്പോർട്ട് നൽകി. കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിൻകര സ്വദേശി ഗോപൻ സമാധിയായെന്ന് മക്കൾ ബോർഡ് സ്ഥാപിച്ചത്. രണ്ട് ആൺ മക്കൾ ചേർന്ന് മൃതദേഹം കുഴിച്ചു മൂടി സ്മാരകം വെയ്ക്കുയായിരുന്നു. സന്യാസിയായ അച്ഛൻ സമാധിയായെന്നാണ് മക്കൾ പറയുന്നത്. സംഭവം ശ്രദ്ധയിൽ പെട്ടതോടെ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തുകയായിരുന്നു. തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താനുള്ള പൊലീസ് നീക്കം.