Tuesday, September 17, 2024
Online Vartha
HomeTrivandrum Ruralനെടുമങ്ങാടിന് അഭിമാനമായി റവന്യൂ ടവർ തുറന്നു

നെടുമങ്ങാടിന് അഭിമാനമായി റവന്യൂ ടവർ തുറന്നു

Online Vartha
Online Vartha
Online Vartha

നെടുമങ്ങാട് : നെടുമങ്ങാടിന് അഭിമാനമായി പുതിയ റവന്യൂ ടവർ തുറന്നു. നെടുങ്ങാട് മണ്ഡലത്തിലെ നിയമസഭാംഗവും സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയുമായ ജി ആർ അനിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന റവന്യൂ വകുപ്പു മന്ത്രി കെ രാജൻ റവന്യൂ ടവർ നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു.ഭൂപരിഷ്കരണം നടപ്പാക്കിയ ശേഷം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പട്ടയം നൽകിയത് ഒന്നാം പിണറായി വിജയൻ സർക്കാരാണെന്ന് റവന്യൂമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. എന്നാൽ രണ്ടാം പിണറായി വിജയൻ സർക്കാർ മൂന്നാം വർഷത്തിലേക്കെത്തുമ്പോൾ തന്നെ ആദ്യ സർക്കാർ ആകെ നൽകിയ പട്ടയത്തിനേക്കാൾ എണ്ണം നൽകാൻ കഴിഞ്ഞെന്നും മന്ത്രി. സംസ്ഥാനത്ത് അർഹരായ എല്ലാവർക്കും പട്ടയം നൽകുക എന്നത് സംസ്ഥാന സർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യമാണന്നും റവന്യൂ മന്ത്രി തുടർന്നു പറഞ്ഞു. കേന്ദ്ര യൂണിവേഴ്സിറ്റിയുടെ തെക്കൻ കേരളത്തിലെ ആസ്ഥാനം നെടുമങ്ങാട് മണ്ഡലത്തിലെ അണ്ടൂർക്കോണത്ത് സ്ഥാപിക്കാൻ തീരുമാനിച്ചതായും ഇതിനായി ആറ് ഏക്കർ ഭൂമി കണ്ടെത്തിയതായും മന്ത്രി കൂട്ടിച്ചേർത്തു.

 

നെടുങ്ങാട് നിയോജക മണ്ഡലത്തിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ എണ്ണി പറഞ്ഞാണ് മന്ത്രി ജി ആർ അനിൽ അധ്യക്ഷ പ്രസംഗം തുടങ്ങിയത്. റോഡ്, സ്കൂളുകൾ, സ്മാർട് വില്ലേജ് ഓഫിസുകൾ തുടങ്ങി കോടികൾ ചെലവഴിച്ച് വിവിധ മേഖലകളിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ നെടുങ്ങാടിൻ്റെ മുഖഛായ മാറ്റിയതായും മന്ത്രി പറഞ്ഞു.ചടങ്ങിൽ 32 പേർക്ക് പട്ടയവും വിതരണം ചെയ്തു. 2021 ൽ തുടങ്ങിയ റവന്യൂ ടവറിൻ്റെ നിർമ്മാണ പ്രവർത്തനം സമയബന്ധിതമായി പൂർത്തിയാക്കിയ ബന്ധപ്പെട്ട എല്ലാവരേയും മന്ത്രിമാർ അനുമോദിച്ചു. സർക്കാരിൻ്റെ നൂറു ദിന കർമ പരിപാടിയുടെ ഭാഗമായാണ് റവന്യൂ ടവർ ഉദ്ഘാടനം ചെയ്തിരിക്കുന്നത്. കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ 9.75 കോടി രൂപ ചെലവിട്ടാണ് ഇത് പണി പൂർത്തീകരിച്ചത്. നെടുങ്ങാട് റവന്യൂ ഡിവിഷണൽ ഓഫിസ് ( ആർ ഡി ഒ ), നെടുമങ്ങാട് താലൂക്ക് ഓഫിസ് എന്നീ ഓഫിസുകൾക്കായാണ് പ്രധാനമായും റവന്യൂ ടവർ നിർമിച്ചിട്ടുള്ളത്. 540 ചതുരശ്ര മീറ്റർ വീതം വിസ്തീർണമുള്ള നാലുനിലകളിലായാണ് ടവർ രൂപകല്പന ചെയ്തിരിക്കുന്നത്.

 

ഒന്നും രണ്ടും നിലകൾ താലൂക്ക് ഓഫിസിനായും മൂന്നാം നില ഇലക്ഷൻ ഓഫിസിനും നാലാം നില നെടുമങ്ങാട് ആർ ഡി ഒയ്ക്കു വേണ്ടിയുമാണ് നൽകിയിരിക്കുന്നത്. 2021 സെപ്റ്റംബർ മാസത്തിൽ നിർമാണ പ്രവൃത്തികൾ തുടങ്ങിയ ടവറിൻ്റെ നിർവഹണ ചുമതല പൊതുരാമത്ത് സ്പെഷ്യൽ ബിൽഡിംഗ്സ് വിഭാഗത്തിനായിരുന്നു.ജി സ്‌റ്റീഫൻ എം എൽ എ യും പരിപാടിയിൽ അതിഥിയായി പങ്കെടുത്ത് സംസാരിച്ചു. ജില്ലാ കളക്ടർ അനുകുമാരി സ്വാഗതം പറഞ്ഞ ചടങ്ങിൽ നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി എസ് ശ്രീജ, എ ഡി എം വിനീത് ടി കെ, വിവിധ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ആർ ഡി ഒ കെ പി ജയകുമാർ നാട്ടുകാർ തുടങ്ങിയവരും പങ്കെടുത്തു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!