തിരുവനന്തപുരം: പുതിയ റെക്കോർഡ് സൃഷ്ടിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. യാത്രക്കാരുടെ കാര്യത്തിലാണ് വൻ വർധനവ് . സാമ്പത്തിക വർഷത്തിലെ ആദ്യ രണ്ട് മാസത്തിലെ കണക്കുകൾ പരിശോധിച്ചപ്പോഴാണ് എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയത്. മേയ് മാസത്തിൽ ആകെ 4.44 ലക്ഷം യാത്രക്കാരാണ് തിരുവനന്തപുരം വഴി യാത്ര ചെയ്തത്. ഇവരിൽ 2.15 ലക്ഷം അന്താരാഷ്ട്ര യാത്രക്കാരും 2.28 ലക്ഷം ആഭ്യന്തര യാത്രക്കാരും ഉൾപ്പെടുന്നു.
ഏപ്രിലിലും ആകെ യാത്രക്കാരുടെ എണ്ണം നാല് ലക്ഷം കടന്നിരുന്നു. ഈ സാമ്പത്തിക വർഷം യാത്രക്കാരുടെ എണ്ണം 50 ലക്ഷം കടക്കുമെന്ന പ്രതീക്ഷ ശരിവെയ്ക്കുന്ന തരത്തിലാണ് യാത്രക്കാരുടെ എണ്ണത്തിലെ ഇപ്പോഴത്തെ വർദ്ധനവ്. മാർച്ചിൽ അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വർഷം ആകെ 44 ലക്ഷം പേരാണ് തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തത്