കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വ്യാപകമായി ഒരു പ്രചാരണം നടക്കുകയാണ്.ആധാര്‍ എനേബിള്‍ഡ് പേയ്‌മെന്‍റ് സിസ്റ്റം വഴിയുള്ള പണമിടപാടുകളെ കുറിച്ചാണ് വ്യാജ പ്രചാരണം. മാസത്തില്‍ ഒരുവട്ടമെങ്കിലും ഇത്തരം പണമിടപാട് നടത്തിയില്ലെങ്കില്‍ ആധാര്‍ ട്രാന്‍സാക്ഷന്‍ സൗകര്യം ബ്ലോക്ക് ചെയ്യും എന്ന തരത്തിലാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം. ഇതിന്‍റെ വസ്‌തുത പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം വിശദമായി അറിയിച്ചു.
ആധാര്‍ ബാങ്കിംഗില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. മാസത്തില്‍ ഒരു തവണയെങ്കിലും ആധാര്‍ ഉപയോഗിച്ച് പണമിടപാട് നിര്‍ബന്ധമായും നടത്തണം. ഇത് പാലിക്കാത്തവരുടെ ആധാര്‍ എനേബിള്‍ഡ് പേയ്‌മെന്‍റ് സൗകര്യം ബ്ലോക്ക് ചെയ്യപ്പെടും എന്നുമാണ് പ്രചാരണം. അക്കൗണ്ടുമായി മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാണ് എന്നും പ്രചാരണത്തിലുണ്ട്.
ആധാര്‍ ബാങ്കിംഗിനെ കുറിച്ചുള്ള പ്രചാരണം വ്യാജമാണ് എന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കി. എല്ലാ മാസവും ആധാര്‍ എനേബിള്‍ഡ് പേയ്‌മെന്‍റ് സിസ്റ്റം വഴി ഇടപാടുകള്‍ നടത്തിയില്ലെങ്കില്‍ സര്‍വീസ് ബ്ലോക്ക് ചെയ്യപ്പെടും എന്ന പ്രചാരണം പിഐബി തള്ളിക്കളഞ്ഞു. ആധാര്‍ കാര്‍ഡും ബയോമെട്രിക് ഒതന്‍റിക്കേഷനും വഴി ബാങ്ക് ഇടപാടുകള്‍ നടത്താന്‍ കഴിയുന്ന സംവിധാനമാണ് ആധാര്‍ എനേബിള്‍ഡ് പേയ്‌മെന്‍റ് സിസ്റ്റം. പണം പിന്‍വലിക്കല്‍, ഇന്‍റര്‍ബാങ്ക്, ഇന്‍ട്രാബാങ്ക് പണം കൈമാറ്റം, ബാലന്‍സ് അന്വേഷണം തുടങ്ങിയ അടിസ്ഥാന ബാങ്കിംഗ് ഇടപാടുകള്‍ ആധാര്‍ ഉപയോഗിച്ച് നടത്താന്‍ അക്കൗണ്ട് ഉടമയെ എഇപിഎസ് അനുവദിക്കുന്നു.