ആറ്റിങ്ങൽ: സ്കൂൾ വിദ്യാർഥികളെ ഇടിച്ചിട്ട ശേഷം സ്വകാര്യ ബസ് നിർത്താതെ പോയി. ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ ശിവജിത്ത്, ദേവനാരായണൻ, അഭിനവ് എന്നീ വിദ്യാർഥികൾക്ക് സംഭവത്തിൽ പരിക്കേറ്റു. രാവിലെ ട്യൂഷൻ കഴിഞ്ഞ് സ്കൂളിലേക്ക് പോകുന്ന വഴിയാണ് സ്വകാര്യ ബസ് ഇടിച്ചത്.
പാലസ് റോഡിന്റെ ഇടതു വശത്തുകൂടി കിഴക്കേനാലുമുക്കിലേയ്ക്ക് നടന്നുപോകുകയായിരുന്ന കുട്ടികളെ ഇതേ ദിശയിൽ വന്ന ബസാണ് ഇടിച്ചത്. ചിറയിൻകീഴിൽനിന്ന് ആറ്റിങ്ങലേയ്ക്ക് വന്ന ധൃതി എന്ന ബസാണ് അപകടത്തിനിടയാക്കിയതെന്ന് കുട്ടികൾ പറയുന്നു.
ദേവനാരായണന്റെ തോളിൽ ബസ് മുട്ടുകയും കുട്ടി വശത്തേയ്ക്ക് മറിഞ്ഞപ്പോൾ മറ്റുരണ്ടുപേരുമായി കൂട്ടിയിടിക്കുകയുമായിരുന്നു. അതുവഴിപോയ ഒരുയാത്രക്കാരൻ കുട്ടികളെ പിടിച്ച് റോഡരികിലേയ്ക്ക് മാറ്റി. കുട്ടികൾ ബസിനടയിലേയ്ക്ക് വീണിരുന്നെങ്കിൽ വൻദുരന്തമുണ്ടാകുമായിരുന്നു. തലനാരിഴയ്ക്കാണ് ഇതൊഴിവായത്
മുറിവുകളില്ലാത്തതിനാൽ കുട്ടികൾ സ്കൂളിലേക്ക് പോയി. സ്കൂളിലെത്തിയപ്പോൾ നട്ടെല്ലിനും തോളെല്ലിനും വേദന തുടങ്ങുകയും ഛർദ്ദിക്കുകയും ചെയ്തു. ഇതോടെ അധ്യാപകരെ വിവരം അറിയിക്കുകയും അവർ ഉടൻതന്നെ കുട്ടികളെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ആശുപത്രിയിൽ പരിശോധനകൾ നടത്തി മരുന്ന് നല്കി കുട്ടികളെ രക്ഷാതാക്കൾക്കൊപ്പം വിട്ടു.