തിരുവനന്തപുരം: ഐടി, സ്റ്റാര്‍ട്ടപ്, വ്യവസായ മന്ത്രിയായി ചുമതലയേറ്റ പി.കെ കുഞ്ഞാലിക്കുട്ടി ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു. സംസ്ഥാനത്തെ ഐടി ആവാസവ്യവസ്ഥയെക്കുറിച്ച് ഐടി പാര്‍ക്ക് സിഇഒമാരുമായും പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായും മന്ത്രി സംവദിച്ചു.സംസ്ഥാന ഇലക്ട്രോണിക്സ്- ഐടി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു, ടെക്നോപാര്‍ക്ക് സിഇഒ സന്ദീപ് കുമാര്‍ എന്നിവര്‍ മന്ത്രിയെ ടെക്നോപാര്‍ക്കിലേക്ക് സ്വാഗതം ചെയ്തു.ആശയവിനിമയത്തിനിടെ ‘കേരള ടെക് മേഖല: സാഹചര്യവും ലക്ഷ്യങ്ങളും’ എന്ന വിഷയത്തില്‍ സീറാം സാംബശിവ റാവു വിശദമായ അവതരണം നടത്തി. ഐടി മേഖലയിലെ ലക്ഷ്യങ്ങളും വെല്ലുവിളികളും അദ്ദേഹം വിശദീകരിച്ചു. നിലവില്‍ പ്രവൃത്തിപഥത്തിലുള്ള പദ്ധതികള്‍, ഭാവി പദ്ധതികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഇന്നൊവേഷന്‍, സംരംഭകത്വം എന്നിവയെക്കുറിച്ചും പരാമര്‍ശിച്ചു.ഐടി പാര്‍ക്കുകളിലെയും പ്രമുഖ ഐടി, ഐടി അധിഷ്ഠിത സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരില്‍ നിന്ന് മന്ത്രി അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തേടി.
ഇന്‍ഫോപാര്‍ക്ക് കൊച്ചി, സൈബര്‍പാര്‍ക്ക് കോഴിക്കോട് എന്നിവയുടെ സിഇഒ സുശാന്ത് കുറുന്തില്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) സിഇഒ അനൂപ് അംബിക, ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കേരള (ഡിയുകെ) വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, കെഎസ് ഐടിഐഎലിന്‍റെയും കെ-ഫോണിന്‍റെയും എംഡി ഡോ. സന്തോഷ് ബാബു (റിട്ട.), ഐഐഐഐടിഎം-കെ ഡയറക്ടറും മേക്കര്‍ വില്ലേജ് പ്രൊഫസര്‍ ഇന്‍ ചാര്‍ജുമായ ഡോ. അലക്സ് പി ജെയിംസ്, ഐസിഎഫ്ഒഎസിന്‍റെയും സി-ഡിറ്റിന്‍റെയും ഡയറക്ടര്‍ ഡോ. സുനില്‍ ടിടി, കെസ്പേസ് ചീഫ് ഫിനാന്‍സ് ഓഫീസര്‍ ഗായത്രി കെ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.സംസ്ഥാന സര്‍ക്കാരിന്‍റെ ഐടി സ്ട്രാറ്റജിസ്റ്റുമാരായ ഡോ. അനൂപ നാരായണന്‍, ശ്രീനാഥ് ജ്ഞാനേശ്വര്‍, അക്ഷയ് കണ്ണന്‍, പ്രകാശ് മാത്യു എന്നിവരും സന്നിഹിതരായിരുന്നു






