ഒടിടി റിലീസുകൾക്ക് പ്രാധാന്യം കൂടുന്ന കാലമാണിത്. പ്രത്യേകിച്ച് മലയാള സിനിമകൾ ഇതര ഭാഷക്കാരിലേക്ക് എത്തിയതും ഈ കാലഘട്ടത്തിൽ ആണ്. അത്തരത്തിൽ ഒടിടിയിൽ വരാൻ കാത്തിരിക്കുന്ന സിനിമകളുണ്ടാകും പ്രേക്ഷകർക്ക്. കണ്ട പടങ്ങൾ വീണ്ടും കാണാനും, കാണാത്തവ കാണാനുമുള്ള അവസരങ്ങൾ ഒക്കെ ആകും അതിന് കാരണം. ചില സിനിമകൾക്ക് തിയറ്ററിൽ ലഭിക്കുന്നതിനെക്കാൾ വൻ സ്വീകാര്യത ഒടിടിയിൽ നിന്നും ലഭിക്കാറുമുണ്ട്. അത്തരത്തിലൊരു സിനിമയായിരിക്കുകയാണ് ഭരതനാട്യം.
സൈജു കുറുപ്പും സായ് കുമാറും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഭരതനാട്യം ഓഗസ്റ്റ് 30ന് ആണ് തിയറ്ററുകളിൽ എത്തിയത്. എന്നാൽ പലകാരണങ്ങളാലും തിയറ്ററിൽ വലിയ ഓളം സൃഷ്ടിക്കാൻ ചിത്രത്തിന് കഴിഞ്ഞില്ല. ഒടുവിൽ സെപ്റ്റംബർ 27 മുതൽ ഒടിടിയിൽ എത്തിയ ഭരതനാട്യം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് കണ്ടത്. ഭരതൻ എന്ന കഥാപാത്രമായി സായ് കുമാർ പകർന്നാടിയപ്പോൾ, അദ്ദേഹത്തിന്റെ മകനായി സൈജു കുറുപ്പും കസറി. സൈജു കുറിപ്പിന്റെ ഏറ്റവും മികച്ച എന്റർടെയ്നറാണ് ഭരതനാട്യം എന്നാണ് ഏവരും പറയുന്നത്. ഇപ്പോഴിതാ പ്രമുഖ ഒടിടി പ്ലാറ്റ് ഫോമായ ആമസോൺ പ്രൈമിലെ ടോപ് 10 സിനിമകളിലും ഇടം പിടിച്ചിരിക്കുകയാണ് ഭരതനാട്യം. അത്രത്തോളം സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നതും.