കിളിമാനൂർ : മകളെ വിവാഹം കഴിച്ചുനൽകാത്തതിലുള്ള മുൻവൈരാഗ്യം മൂലം പിതാവിനെയും മകനെയും തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചതായി പരാതി. മർദനത്തിന് ശേഷം സ്ഫോടകവസ്തുക്കൾ കാട്ടി വധഭീഷണി മുഴക്കിയതായും പരാതിയിലുണ്ട്. സംഭവത്തിൽ വെള്ളല്ലൂർ സ്വദേശികളായ രണ്ട് പേർക്കെതിരെയും കണ്ടാലറിയാവുന്ന അഞ്ചോളം പേർക്കെതിരെയും കിളിമാനൂർ പൊലീസ് കേസെടുത്തു.
ചെറുന്നിയൂർ കുളക്കോട്ടുകോണം വടശേരിക്കോണം സ്വദേശി അനിൽകുമാർ (51) നൽകിയ പരാതിയിൽ വെള്ളല്ലൂർ സ്വദേശികളായ സുധീഷ്, ഷംനാദ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം (ജൂലൈ 16) ആയിരുന്നു സംഭവം. അനിൽകുമാറിന്റെ മകളെ ഒന്നാം പ്രതിയായ സുധീഷിന് വിവാഹം കഴിച്ചുനൽകാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
ജോലി സംബന്ധമായ ആവശ്യത്തിനെന്ന വ്യാജേന മൊബൈൽ ഫോണിൽ വിളിച്ച് വരുത്തിയാണ് അനിൽകുമാറിനെ പ്രതികൾ കെണിയിൽപ്പെടുത്തിയത്. ഇതനുസരിച്ച് പുതുശ്ശേരിമുക്കിലെത്തിയ അനിൽകുമാറിനെ മറ്റൊരു യുവാവ് ചേർന്ന് വെള്ളല്ലൂർ അപ്പൂപ്പൻകാവ് ക്ഷേത്രത്തിന് സമീപമുള്ള പണിപൂർത്തിയാകാത്ത വീട്ടിലേക്ക് തട്ടിക്കൊണ്ടുപോവുകയായിരുന്നു.
ഇവിടെ വെച്ച് സുധീഷിന്റെ നേതൃത്വത്തിലുള്ള സംഘം അനിൽകുമാറിനെ തടഞ്ഞുവെച്ച് അസഭ്യവർഷം നടത്തുകയും ഹെൽമെറ്റ് ഉപയോഗിച്ച് തലയ്ക്കടിക്കാൻ ശ്രമിക്കുകയും ചെയ്തു. അനിൽകുമാർ ഒഴിഞ്ഞുമാറിയതിനാലാണ് ഗുരുതര പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. തുടർന്ന് പ്രതികൾ ഇയാളെ ബലംപ്രയോഗിച്ച് കൈകൾ പിന്നിലേക്ക് കൂട്ടിക്കെട്ടി, വായ മൂടിയ ശേഷം ക്രൂരമായി മർദിക്കുകയായിരുന്നു. സ്ക്രൂഡ്രൈവർ, ഇരുമ്പുകമ്പി, തടി എന്നിവ ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ചതായും തുടർന്ന് കയ്യിലുണ്ടായിരുന്ന സ്ഫോടകവസ്തുക്കൾ കാട്ടി ഭീഷണിപ്പെടുത്തിയതായും അനിൽകുമാറിന്റെ പരാതിയിൽ പറയുന്നു. സംഭവത്തിൽ കിളിമാനൂർ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.








