തിരുവനന്തപുരം: തലസ്ഥാനത്ത് ജനുവരി നാലുമുതൽ എട്ടുവരെ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം തലസ്ഥാനത്തിന്റെ സാംസ്‌കാരിക സമ്പന്നതയ്ക്ക് മാറ്റുകൂട്ടുമെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം ശിക്ഷക് സദനിൽ ചേർന്ന സംസ്ഥാന സ്‌കൂൾ കലോത്സവ സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഈ വർഷത്തെ കലോത്സവത്തിൽ തദ്ദേശീയ കലാരൂപങ്ങളായ മംഗലം കളി, മലപുലയാട്ടം, ഇരുള നൃത്തം, പളിയ നൃത്തം, പണിയ നൃത്തം എന്നിവ പുതിയതായി മത്സരയിനങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന പ്രത്യേകതയുണ്ട്.
സ്‌കൂൾ, ഉപജില്ലാ, റവന്യൂജില്ലാ തലങ്ങളിലെ മത്സരങ്ങൾ വിജയകരമായി പൂർത്തിയാക്കിയതിന് ശേഷമാണ് സംസ്ഥാനതല മത്സരങ്ങൾ നടക്കുന്നത്. ഏകദേശം 150,000ത്തോളം വിദ്യാർഥികൾ സംസ്ഥാനതലത്തിൽ വിവിധ മത്സരങ്ങളിൽ മാറ്റുരക്കും. ഒരു കുട്ടിക്ക് മൂന്ന് വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പിനങ്ങളിലും മത്സരിക്കാം. സ്‌കൂൾ തലങ്ങളിൽ മത്സരിച്ച് വിജയിക്കുകയും, ഉപജില്ലാ, റവന്യൂ ജില്ലാ മത്സരത്തിൽ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്ത വിദ്യാർഥികളാണ് സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കുന്നത്. 2016ന് ശേഷമാണ് തിരുവനന്തപുരം വീണ്ടും സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത്