തിരുവനന്തപുരം: രക്തദാനക്യാമ്പിൽ പങ്കെടുത്തില്ലെന്ന് ആരോപിച്ച് തിരുവനന്തപുരം ധനുവച്ചപുരത്ത് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചെന്ന് പരാതി. വിടിഎം എൻഎസ്എസ് കോളേജിലെ ബിഎ രണ്ടാം വർഷ വിദ്യാർത്ഥി അദ്വൈദിനാണ് മർദനമേറ്റത്. രണ്ട് ദിവസം മുമ്പാണ് സംഭവം എബി വി പി യുടെ രക്തദാന ക്യാമ്പിൽ പങ്കെടുക്കാത്തതിനാലാണ് കോളേജിലെ മൂന്ന് വിദ്യാർത്ഥികൾ ചേർന്ന് മറ്റ് വിദ്യർത്ഥികളുടെ മുന്നിൽ വച്ച് തന്നെ ക്രൂരമായി മർദിച്ചതെന്ന് അദ്വൈദ് പറഞ്ഞു.
. കോളേജിൽ വന്ന സമയത്ത് എന്നെ മൂന്ന് പേർ അവരുടെ അടുത്തേക്ക് വിളിച്ചു. എബിവിപിയുടെ രക്തദാന ക്യാമ്പ് നടക്കുന്നുണ്ട്, രക്തം കൊടുക്കണമെന്ന് പറഞ്ഞു. ഒന്നര മാസമേ അയിട്ടൊള്ളു രക്തം കൊടുത്തിട്ട്, അതിനാൽ ഞാൻ ഇല്ലെന്ന് അവരോട് പറഞ്ഞു. ഇതോടെയാണ് മൂന്ന് വിദ്യാർഥികൾ ചേർന്ന് ഒരു മുറിയിലേക്ക് കൊണ്ടുപോയി,അവിടെവെച്ച് മറ്റ് കുട്ടികളുടെ മുന്നിലിട്ട് തന്നെ തല്ലിയതെന്ന് അദ്വൈദ് പറഞ്ഞു.
നിനക്ക് തടിയൊക്കെ ഉള്ളതല്ലേ, നീ പോയി രക്തം കൊടുക്ക്, ചത്തൊന്നും പോവില്ലെന്ന് പറഞ്ഞ് അവർ നിർബന്ധിച്ചു. കൊടുക്കാനാവില്ലെന്ന് പറഞ്ഞതോടെ പെട്ടന്ന് പ്രകതോപിതരായി അവർ തല്ലുകയായിരുന്നു. ആദ്യം മുഖത്ത് നോക്കിയാണ് അടിച്ചത്. പിന്നീട് വേറൊരാൾ ചെവിയിലും കഴുത്തിലും പുറത്തുമെല്ലാം തല്ലിയെന്ന് അദ്വൈദ് പറഞ്ഞു. തലക്കും അടിവയറിലും ഗുരുതര പരിക്കേറ്റ വിദ്യാർഥി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.