മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ എന്ന പുതിയ ചിത്രം നവംബറിൽ റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. ചിത്രം നവംബർ 14ന് റിലീസ് ചെയ്യുന്നതിന് അണിയറപ്രവർത്തകർ പദ്ധതിയിടുന്നതായാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കിയ ശേഷമായിരിക്കും റിലീസ് തീയതി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക എന്നാണ് സൂചന.
സൂര്യ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം കങ്കുവയും നവംബർ 14 നാണ് റിലീസ് ചെയ്യുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ഈ സിനിമയ്ക്കൊപ്പം മമ്മൂട്ടി ചിത്രവും ആ തീയതിൽ തന്നെ എത്തിയാൽ കേരളത്തിൽ ഒരു വമ്പൻ ബോക്‌സ്ഓഫീസ് ക്ലാഷ് തന്നെയുണ്ടാകുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.
ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം, ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണിത്. വിനീത് , ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് ഇതിലെ മറ്റു പ്രധാന താരങ്ങൾ.