കഴക്കൂട്ടം : വ്യാജ രേഖകൾ ഉപയോഗിച്ചു ക്രിമിനൽ കേസിലെ പ്രതികൾക്ക് ഉൾപ്പെടെ പാസ് പോർട്ട് എടുത്തു നൽകിയ സംഘത്തിനെ ഒളിവിലായിരുന്ന ഒരു പ്രതി കൂടി അറസ്റ്റിൽ.ട്രാവൽ ഏജൻസി നടത്തുന്ന മൺവിള രേവതിയിൽ മനോജ് (46)ആണ് അറസ്റ്റിലായത്. കേസിൽ ഉൾപ്പെട്ട സിവിൽ പോലീസ് ഓഫീസർ അൻസിൽ അസീസ് വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് വിദേശത്തേക്ക് കടന്നതായാണ് സൂചന.ഇയാൾക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ക്രിമിനൽ കേസുകളിൽപെട്ട ആളുകൾക്കാണ് ഈ സംഘം പാസ്പോർട്ട് എടുത്തു നൽകുന്നത്.ഇവർ വ്യാജ രേഖകൾ ഉണ്ടാക്കി അഡ്രെസ്സ് മാറ്റി നൽകും.കാട്ടാക്കട വിഴാവൂർ കൃപാഭവനിൽ കമലേഷ് ആണ് പാസ്പോർട്ട് എടുക്കാനുള്ള പേരുകൾ ഉൾപ്പെടുത്തി ഈ അഡ്രസിൽ വ്യാജരേഖകൾ തയ്യാറാക്കി നൽകുന്നത്. ഇപ്പോൾ പിടിയിലായ ട്രാവൽ ഏജൻസി നടത്തുന്ന മനോജാണ് അപേക്ഷ നൽകുന്നത്. ഇവയെല്ലാം ഉപയോഗിച്ച് പാസ്പോർട്ടിനായി അപേക്ഷ സമർപ്പിക്കും.ഈ കാലയളവിൽ വ്യാജ പാസ്പോർട്ട് സംഘം വാടകക്ക് എടുത്തിട്ടിരിക്കുന്ന വീടിൻ്റെ അഡ്രസിലെത്തിയ അപേക്ഷകളെല്ലാം പരിശോധനയൊന്നുമില്ലാതെ അൻസിൽ പാസാക്കി വിടും. അഞ്ചുപ്രതികളാണ് ഇതുവരെയുള്ളത്. പാസ്പോർട്ട് ആക്ടിന് പുറമെ വ്യാജരേഖ ചമച്ചതിനും വഞ്ചനക്കുമുള്ള വകുപ്പുകളും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.