തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സ്വന്തം വീട്ടിലെത്തി പെൺസുഹൃത്തിനെയും സഹോദരനെയും കൊലപ്പെടുത്തുന്നതിന് മുമ്പ് സഹോദരൻ 14കാരനായ അഹസാന് ഭക്ഷണം വാങ്ങി നൽകിയതായി നാട്ടുകാർ. അനിയനെയും കൂട്ടി വെഞ്ഞാറമൂട്ടിലെ ഹോട്ടലിലെത്തി കുഴിമന്തി വാങ്ങിക്കൊടുത്തുവെന്നാണ് നാട്ടുകാർ പറയുന്നത്. അതിന് ശേഷമാണ് കൊടും ക്രൂരത ചെയ്തത്.
എന്തിനാണ് കൊലപാതകം നടത്തിയതെന്ന് ഇപ്പോഴും വ്യക്തമല്ല. സാമ്പത്തിക പ്രശ്നമാണ് കാരണമെന്ന പ്രതി അഫാന്റെ വാദം ആരും മുഖവിലക്കെടുക്കുന്നില്ല. കൊല്ലപ്പെട്ട പെൺസുഹൃത്ത് ഫർസാന ഇന്ന് ഉച്ചക്ക് മൂന്നരയോടെയാണ് അഫാന്റെ വീട്ടിലെത്തിയത്. ഇവർ തമ്മിലുള്ള ബന്ധത്തിലും അഭ്യൂഹത നിലനിൽക്കുന്നുണ്ട്. രണ്ടിടത്ത് കൊലപാതകം നടത്തിയ ശേഷമാണ് പ്രതി സ്വന്തം വീട്ടിലെത്തിയത്. കൊലപാതകത്തിന് ശേഷം വീട്ടിലെ ഗ്യാസ് തുറന്നിട്ടു.മാരകമായ പരിക്കേറ്റ മാതാവ് ചികിത്സയിലാണ്. കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകമെന്നാണ് നിഗമനം. തലക്കാണ് എല്ലാവർക്കും പരിക്കേറ്റത്
അതേ സമയം പ്രതികരണവുമായി പ്രതി അഫാന്‍റെ പിതാവ് റഹീം. നാട്ടിൽ തനിക്ക് സാമ്പത്തിക ബാധ്യതയൊന്നുമില്ലെന്നും സൗദിയിലുള്ള ബാധ്യതകള്‍ മാത്രമേയുള്ളുവെന്നും സൗദിയില്‍ കച്ചവടം ചെയ്യുന്ന റഹീം പറഞ്ഞു. സാമ്പത്തിക ബാധ്യതയോ പെൺകുട്ടിയുമായുള്ള ബന്ധമോ ഒന്നും അറിയിച്ചിട്ടില്ലെന്നും പിതാവ് റഹീം പറഞ്ഞു.സൗദിയിൽ ഉള്ള ബാധ്യതകൾ അല്ലാതെ മറ്റൊരു ബാധ്യതയും ഇല്ല. അഫാന് മറ്റു പ്രശ്നങ്ങളുള്ളതായോ ഒരു വിവരവും അറിയില്ലെന്നും റഹീം പറഞ്ഞുഅതേസമയം, റഹീമിന് സൗദിയിൽ കടബാധ്യതയുള്ളതിനാല്‍ നാട്ടിലേക്ക് വരാൻ പറ്റാത്ത സാഹചര്യമാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പിതാവിന് 75 ലക്ഷത്തിന്‍റെ ബാധ്യതയുണ്ടെന്നും സഹായം ചോദിച്ചിട്ട് ആരും നൽകിയില്ലെന്നും ഇതിനാലാണ് കൊല നടത്തിയതെന്നുമാണ് അഫാന്‍റെ മൊഴി. എന്നാൽ, നാട്ടിൽ സാമ്പത്തിക ബാധ്യതയില്ലെന്നാണ് റഹീം പറയുന്നത്.
പ്രതിയുടെ മൊഴിയിൽ വൈരുധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. പ്രതിയുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. വിഷം കഴിച്ചെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് പ്രതി അഫാൻ ചികിത്സയിലായതിനാൽ കൂടുതൽ ചോദ്യം ചെയ്യാനായിട്ടില്ല. പ്രതിയുടെ മൊഴിയും പിതാവിന്‍റെ പ്രതികരണവും തമ്മിലുള്ള വൈരുധ്യവും അന്വേഷണത്തിൽ നിര്‍ണായകമായേക്കും. സാമ്പത്തിക ബാധ്യതയാണെങ്കിൽ പെണ്‍സുഹൃത്തിനെയും ബന്ധുക്കളെയും അനുജനെയുമടക്കം കൊലപ്പെടുത്തിയത് എന്തിനാണെന്ന് ചോദ്യവും അപ്പോഴും ബാക്കിയാകുകയാണ്.
അതേസമയം, ആശുപത്രിയിൽ തുടരുന്ന അഫാന്‍റെ ആരോഗ്യനില തൃപ്തികരമാണ്. പ്രതി അഫാന്‍റെ മൊഴി ആശുപത്രിയിലെത്തി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയാണ് മൊഴി രേഖപ്പടുത്തുന്നത്. പ്രതി വിഷം കഴിച്ച സാഹചര്യത്തിലാണ് പൊലീസ് നടപടി.
.