സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ചു സംവിധാനം ചെയ്‍ത “ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള” എന്ന ചിത്രം ജൂൺ 20 നു ആഗോള റിലീസായി എത്തും. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ജെ. ഫാനീന്ദ്ര കുമാർ ആണ്. സേതുരാമൻ നായർ കങ്കോൾ ആണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്. ഒരു ഇടവേളക്ക് ശേഷം അനുപമ പരമേശ്വരൻ നായികാ വേഷം ചെയ്തു കൊണ്ട് മലയാളത്തിലെത്തുന്ന ഈ ചിത്രം ഒരു കോർട്ട് റൂം ഡ്രാമ ആയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് ഇതിന്റെ ടീസർ സൂചിപ്പിക്കുന്നത്.
പ്രേമം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ അനുപമ പരമേശ്വരൻ, അതിന് ശേഷം ഒരുപിടി വമ്പൻ തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ നായികാ വേഷങ്ങളിലൂടെ തെന്നിന്ത്യയിൽ മുഴുവൻ പ്രശസ്തയായി മാറിയിരുന്നു. പ്രേമത്തിന് ശേഷം ഏതാനും മലയാള ചിത്രങ്ങൾ ചെയ്തെങ്കിലും ഒരു വലിയ ഇടവേളക്ക് ശേഷമാണ് അതിശക്തമായ ഒരു കഥാപാത്രവുമായി ജെഎസ്കെയിലൂടെ താരം തിരിച്ചെത്തുന്നത്.
ടീസർ കൂടാതെ, നേരത്തേ പുറത്ത് വന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്ററും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സുരേഷ് ഗോപിയുടെ 253 മത് ചിത്രമായാണ് “ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള” പുറത്ത് വരുന്നത്. കേസ് അന്വേഷണം, കോടതി വ്യവഹാരം എന്നിവയുൾപ്പെടുന്ന ഒരു ലീഗൽ ത്രില്ലർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ടീസർ സൂചിപ്പിക്കുന്നു. കോടതിയിൽ അരങ്ങേറുന്ന നിയമയുദ്ധത്തിന്റെ സൂചനയാണ് ടീസർ നൽകുന്നത്. അതിശക്തമായ പ്രമേയം കൈകാര്യം ചെയ്യുന്ന ഒരു കോർട്ട് റൂം/ലീഗൽ ത്രില്ലർ ആയിരിക്കും ചിത്രമെന്നാണ് റിപ്പോർട്ട്.
സുരേഷ് ഗോപി, അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരെ കൂടാതെ അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്‍താർ സേട്ട്, വൈഷ്‍ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ, രതീഷ് കൃഷ്‍ണൻ, ഷഫീർ ഖാൻ, മഞ്ജു ശ്രീ നായർ, ജയ് വിഷ്ണു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം ആഗോള റിലീസായി എത്തുക.