കഴക്കൂട്ടം: വസ്തു തർക്കത്തെത്തുടർന്ന് ബന്ധുക്കൾ മാരകായുധങ്ങളുപയോഗിച്ച് വീട്ടമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു. കഴക്കൂട്ടം റെയിൽവേ മേൽപ്പാലത്തിന് സമീപം ശ്രീനഗർ വാഴപ്പണവീട്ടിൽ ഉഷയ്ക്കാണ് (68) ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ സമീപത്ത് താമസിക്കുന്ന ഇവരുടെ അനുജത്തിയുടെ മകനെതിരെയും ചെറുമകനെതിരെയും പോലീസ് കേസെടുത്തു. ബുധനാഴ്ച വൈകുന്നേരം 6.15-ഓടെയായിരുന്നു സംഭവം.വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഉഷയും സമീപത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടുകാരുമായി ദീർഘകാലമായി വസ്തു തർക്കം നിലനിന്നിരുന്നു. വൈകുന്നേരം വാക്ക് തർക്കമുണ്ടായതിനെത്തുടർന്ന് സംഘം വീട്ടിൽ അതിക്രമിച്ചു കയറി മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് ഉഷ പോലീസിന് മൊഴി നൽകി. തലയ്ക്കും കൈയ്ക്കും വെട്ടേറ്റ ഉഷയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ഗുരുതര പരിക്കുകളോടെ ഉഷ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. നേരത്തെയും വയോധികയ്ക്കെതിരെ ആക്രമണവും വധഭീക്ഷണിയും ഉണ്ടായിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും പരിക്കേറ്റ ഉഷ മുൻപ് കഴക്കൂട്ടം പോലീസ് ലിമിറ്റിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാളാണെന്നും കഴക്കൂട്ടം പോലീസ് പറഞ്ഞു






