തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയ രണ്ടുപേർ മരിച്ചു. ഭക്ഷ്യവിഷബാധയാണെന്ന് ബന്ധുക്കൾ ആരോപിച്ചെങ്കിലും, മീൻ വിഭവങ്ങൾ കഴിച്ചതിനെ തുടർന്ന് ഉണ്ടായ അലർജിയാണ് മരണകാരണമെന്ന പ്രാഥമിക നിഗമനമാണ് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചത്.നിലമേൽ പ്ലാച്ചിയോട് കുന്നിൽ വീട്ടിൽ റഷീദ ബീവി (58)യും മരുമകൻ ഷാജി (48)യുമാണ് മരിച്ചത്. റഷീദ ബീവിയുടെ മകൾ സജി മോൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു.കഴിഞ്ഞ ദിവസം വിഴിഞ്ഞത്തെ “ആസ്മാക്ക്” എന്ന റസ്റ്റോറന്റിൽ നിന്നാണ് ഇവർ ഭക്ഷണം കഴിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. അഞ്ചംഗ സംഘം മീൻ വിഭവങ്ങളാണ് കഴിച്ചതെന്നാണ് വിവരം. മടങ്ങും വഴിയിൽ ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും അനുഭവപ്പെട്ടതോടെ ആദ്യം നിലമേലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ആരോഗ്യനില ഗുരുതരമായതോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇസിജിയിൽ പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഷാജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തെങ്കിലുംആശുപത്രിയിലെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു. ഷാജിക്ക് മുമ്പ് അലർജി സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. അലർജിയാണ് മരണകാരണമെന്നതാണ് മെഡിക്കൽ കോളേജ് അധികൃതരുടെ പ്രാഥമിക വിശദീകരണം.






