ശ്രീകാര്യം: വിദേശികളെ കേന്ദ്രീകരിച്ച് കോടികളുടെ രാജ്യാന്തര ഓൺലൈൻ ലോൺ തട്ടിപ്പ് നടത്തിവന്ന വൻ സംഘത്തെ തിരുവനന്തപുരം സിറ്റി ഡാൻസാഫും ഭീകരവിരുദ്ധ സേനയും ചേർന്ന് പിടികൂടി. പോങ്ങുമൂട് പാലാഴി ബിൽഡിംഗിൽ കഴിഞ്ഞ ഒന്നര മാസമായി പ്രവർത്തിച്ചു വന്നിരുന്ന ‘ശ്രീധർ കോ ഇൻവോ ടെക് എൽഎൽപി’ എന്ന സ്ഥാപനത്തിലാണ് പോലീസ് മിന്നൽ റെയ്ഡ് നടത്തിയത്. സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഉത്തരേന്ത്യക്കാരായ 18 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ യു.പി സ്വദേശിയായ അമിത മിശ്ര എന്ന തൊഴിലാളി സംഭവസ്ഥലത്തുണ്ട്.ഉത്തർപ്രദേശ് സ്വദേശി ആകാശ് ദീപ് ചൗധരിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വ്യാജ ലോൺ ആപ്പ് സ്ഥാപനം. അമേരിക്ക ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളിലെ പൗരന്മാർക്ക് എളുപ്പത്തിൽ വായ്പ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. റെയ്ഡ് നടക്കുന്ന സമയത്ത് ഉടമയായ ആകാശ് ചൗധരി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞിരുന്നു.പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഈ സ്ഥാപനവും ജീവനക്കാരും സിറ്റി ഡാൻസാഫിന്റെ കർശന നിരീക്ഷണത്തിലായിരുന്നു. തുടർന്ന് സിറ്റി പോലീസ് കമ്മീഷണറുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് റെയ്ഡ് സംഘടിപ്പിച്ചത്. ഇതിനിടെ, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഉടമയുടെ ഡ്രൈവറെ പോലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു.സ്ഥാപനത്തിലുണ്ടായിരുന്ന 35 കമ്പ്യൂട്ടറുകൾ പരിശോധിച്ചു. ബാക്കിയുള്ള 10 കമ്പ്യൂട്ടറുകൾ അൺലോക്ക് ചെയ്യാനാകാത്തതിനെ തുടർന്ന് ഫോറൻസിക് പരിശോധനയ്ക്കായി മാറ്റിയിട്ടുണ്ട്. കമ്പ്യൂട്ടറുകളിലെ ഡിജിറ്റൽ തെളിവുകളും ഹാർഡ് ഡിസ്കുകളും നിലവിൽ പരിശോധിച്ചു വരികയാണ്.പരിശോധന പൂർത്തിയായാൽ മാത്രമേ തട്ടിപ്പിന്റെ യഥാർത്ഥ വ്യാപ്തിയും എത്ര രാജ്യങ്ങളിലെ ആളുകൾ ഇരയായിട്ടുണ്ടെന്നും വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. നേരത്തെ കുമാരപുരം, ഉള്ളൂർ തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ചും ഈ തട്ടിപ്പ് സംഘം പ്രവർത്തിച്ചിരുന്നതായി വിവരമുണ്ട്. ഒളിവിൽ പോയ മറ്റ് പ്രതികൾക്കായി എ.ടി.എസും പോലീസും ചേർന്ന് പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്.








