തിരുവനന്തപുരം : വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി യുവജനങ്ങളെ ലഹരിമുക്തരാക്കാൻ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ‘നശ മുക്ത് യുവ ഫോർ വികസിത് ഭാരത്’ പദ്ധതിയുടെയും, നാഷണൽ സർവീസ് സ്കീം കോളേജ് തല ഉദ്ഘാടനത്തിന്റെയും ചടങ്ങ് കണിയാപുരം എം ജി എം കോളേജ് ഓഫ് ആർട്സ് & സയൻസിൽ നടന്നു.
വി. മുരളീധരൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എം. എസ്. വിദ്യ പണിക്കർ അധ്യക്ഷത വഹിച്ചു. കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം നടപ്പിലാക്കുന്ന ഈ പദ്ധതിക്കായി കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാല് കോളേജുകളിൽ ഒന്നാണ് എം ജി എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്.
ചടങ്ങിൽ എൻ.എസ്.എസ് കേരള റീജിയണൽ ഡയറക്ടർ വൈ. എം. ഉപ്പിൻ, എൻ.എസ്.എസ് യൂത്ത് ഐക്കൺ പദ്മ എസ്., കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് നിക്കോളാസ്, എൻ.എസ്.എസ് യൂത്ത് ഓഫീസർ പീയൂഷ് പരാഞ്ജപെ, ചന്നാങ്കര വാർഡ് മെമ്പർ ആര്യ ജെ., ലഹരിവിരുദ്ധ പോരാളി യു. എ. സുബ്രഹ്മണ്യം, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ രതീഷ് കുമാർ എസ്., പ്രോഗ്രാം ഇൻചാർജ് മീര രാജ് ബി. എം. എന്നിവർ സംസാരിച്ചു.









