കഠിനംകുളം: കോടതി കേസിൽ സാക്ഷി പറയരുതെന്നും കേസിൽ നിന്ന് പിന്മാറണമെന്നുമുള്ള പ്രതികളുടെ ആവശ്യം നിരസിച്ചതിന് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. ചിറ്റാറ്റുമുക്ക് സ്വദേശികളായ വിനോജ് (29), ഡൊമിനിക്ക് (28) എന്നിവരെയാണ് കഠിനംകുളം പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയത്. പ്രതികൾ കൃത്യത്തിന് ഉപയോഗിച്ച വെട്ടുകത്തികളും മോട്ടോർസൈക്കിളും കഴക്കൂട്ടത്തു നിന്ന് പോലീസ് കണ്ടെടുത്തു.
മേനംകുളം വില്ലേജിൽ ചിറ്റാറ്റുമുക്ക് ശാസ്താംകോവിലിന് സമീപം ശാലോം വീട്ടിൽ ഫെബിൻ ജേക്കബിനാണ് (37) ആക്രമണത്തിൽ മാരകമായി പരിക്കേറ്റത്. കഴിഞ്ഞ ജൂൺ 18-ന് രാത്രി 11 മണിയോടെയായിരുന്നു സംഭവം. കഴക്കൂട്ടത്തു നിന്നും സുഹൃത്തിനൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് വരികയായിരുന്ന ഫെബിനെ പ്രതികൾ മോട്ടോർസൈക്കിളിൽ പിന്തുടരുകയും ചിറ്റാറ്റുമുക്ക് ജംഗ്ഷനിൽ വച്ച് തടഞ്ഞുനിർത്തുകയുമായിരുന്നു.
കേസിൽ നിന്ന് പിന്മാറാൻ വിസമ്മതിച്ചതിലുള്ള വിരോധത്താൽ ഫെബിനെ അസഭ്യം പറയുകയും, ഷർട്ടിൽ കുത്തിപ്പിടിച്ച് ഒന്നാം പ്രതിയായ വിനോജ് ഒളിപ്പിച്ചു വെച്ചിരുന്ന വെട്ടുകത്തികൊണ്ട് തലയ്ക്ക് വെട്ടാൻ ശ്രമിക്കുകയുമായിരുന്നു. കൈകൊണ്ട് തടഞ്ഞതിനാലാണ് തലയ്ക്ക് വെട്ടേൽക്കാതിരുന്നത്, എന്നാൽ ഫെബിന്റെ ഇരുകൈകൾക്കും ഗുരുതരമായി മുറിവേറ്റു. തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഫെബിനെ രണ്ടാം പ്രതിയായ ഡൊമിനിക്ക് വെട്ടുകത്തി ഉപയോഗിച്ച് നടുവിലും കാലിലും വെട്ടി മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച സുഹൃത്തിനെ പ്രതികൾ തള്ളിമാറ്റി.
സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് ഊർജിതമായ അന്വേഷണം നടത്തിവരികയായിരുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ പ്രതികൾ കഴിഞ്ഞ ദിവസം ആറ്റിങ്ങൽ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങുകയായിരുന്നു.
കഠിനംകുളം എസ്.എച്ച്.ഒ സുനുമോന്റെ നേതൃത്വത്തിൽ എസ്.ഐ അനൂപ്, എസ്.സി.പി.ഒ ഹാഷിം, സി.പി.ഒ ദീപക് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ ചോദ്യം ചെയ്ത ശേഷമാണ് ഒളിപ്പിച്ചു വെച്ച ആയുധങ്ങളും വാഹനവും കണ്ടെടുത്തത്.






