തിരുവനന്തപുരം: ജീപ്പിൽ കയറ്റാൻ ശ്രമിക്കവേ പ്രതി പൊലീസ് സംഘത്തെ ആക്രമിച്ചു. ജീപ്പിൻ്റെ സീറ്റടക്കം വലിച്ചു കീറി രക്ഷപെടാൻ ശ്രമിച്ച സംഭവത്തിൽ അടിമലത്തുറ സ്വദേശി തുമ്പൻ റോയി എന്ന റോയി(28)യെ വിഴിഞ്ഞം പൊലീസ് അറസ്‌റ്റ് ചെയ്തു. വീട്ടിൽ അതിക്രമിച്ച് കയറി ഗുണ്ടായിസം കാണിച്ചെന്ന വിവരമറിഞ്ഞെത്തിയ പൊലീസ് സംഘത്തെയാണ് പ്രതി ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സ്ത്രീകൾ താമസിക്കുന്ന വീടിനു നേർക്ക് കല്ലേറു നടത്തുന്നെന്ന വിവരത്തെ തുടർന്നാണ് ഗ്രേഡ് എസ്.ഐ സുജിത് ചന്ദ്രപ്രസാദിന്റെ നേതൃത്വത്തിലുള്ള നാലംഗ പൊലീസ് സംഘം സ്ഥലത്തെത്തിയത്. വീട്ടിലേക്ക് കയറാൻ ശ്രമിച്ച പ്രതിയെ പിടികൂടി ജീപ്പിനുള്ളിൽ കയറ്റി സ്റ്റേഷനിലേക്ക് വരുമ്പോൾ ചൊവ്വര ഭാഗത്ത് വച്ച് ഇയാൾ പ്രകോപിതനാകുകയായിരുന്നു.